ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്.
O V Vijayan
ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്തിത്തുടിയ്ക്കുകയും ഖേദത്തോടുകൂടി മോഷപ്രാപ്തിയ്ക്കായി അലയുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര മലയാള നോവൽ സാഹിത്യത്തിൽ തുടങ്ങിവെയ്ക്കാൻ രവി നിമിത്തമായെന്നു തന്നെ പറയാം.

ഉള്ളിലെരിയുന്ന പാപബോധത്താൽ അലയുമ്പോഴും അഭിനിവേശങ്ങളെ അടക്കുവാൻ രവിയ്ക്ക് കഴിയുന്നില്ല. സ്വസ്ഥത തേടിയെത്തുന്ന ആശ്രമത്തിലെ സ്വാമിനിയുമായി ഭോഗത്തിനുശേഷം അവിടമുപേക്ഷിച്ചു യാത്രയാകുമ്പോൾ വസ്ത്രം തന്നെ മാറിപോകുന്നതു ഏറെ പുലർന്നശേഷമാണ് രവി അറിയുന്നതു തന്നെ. ഖസാക്കിലെത്തിയശേഷം അതു മൈമൂനയിലേക്കും കേശിയിലേക്കുമൊക്കെ പടരുന്നു. ഒരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കി കാണുന്നു. കോളേജ് കാലത്തു തന്റെ കാമുകിയായിരുന്ന പത്മയോടു സൂക്ഷിച്ച ദിവ്യമായ പ്രണയം പോലും വിരസമായി രവിയ്ക്ക് തോന്നുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും അർത്ഥശൂന്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അയാളെ അലട്ടുന്നു. ആത്മനിരാസത്തെ കുറിച്ചയാൾ ചിന്തിച്ചു തുടങ്ങുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കാതിരിക്കുവാൻ ഒടുവിൽ ഖസാക്ക് വിടുവാൻ രവി തീരുമാനിക്കുകയാണ്. കാലവർഷത്തിന്റെ ആരംഭത്തിൽ ബസ് സ്റ്റോപ്പിൽവെച്ചു കാലുകൊണ്ട് മറിഞ്ഞു വീണുകിടന്ന മൺക്കട്ട മാറ്റുമ്പോൾ സർപ്പദംശനമുണ്ടാവുകയും രവി മഴയത്തു അവിടെ ബസ് കാത്തു വീണു കിടക്കുകയും ചെയ്യുന്നിടത്തു നോവൽ അവസാനിക്കുന്നു.

പുണ്യ - പാപ സങ്കൽപ്പങ്ങളുടെയും ജീവിതാർത്ഥങ്ങളുടെയും വിവിധ വശങ്ങൾ ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ അന്വേഷിക്കുന്നുണ്ടെങ്കിലും സ്പഷ്ടമായൊരു ഉത്തരം നൽകാൻ തയ്യാറാകുന്നില്ല. കഥ വായനക്കാരനു വിടുന്ന, കഥയുടെ അനന്തരഗമനം ഏറ്റെടുക്കുവാൻ വായനക്കാരനെ നിർബന്ധിതമാക്കുന്ന എഴുത്തിന്റെ മാന്ത്രിക നിലയിൽ ഒ.വി. വിജയൻ ഈ നോവലിനെ പ്രതിഷ്ഠിക്കുന്നു.
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner