ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്.
Goddess of Justice
ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്.

ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരുഷന്മാർക്കിടയിൽ തൊഴിൽ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ രുപപ്പെടാൻ ഇടയാക്കും. സ്വതന്ത്രമായും തുറന്ന മനസോടും ഇടപെടാൻ ആളുകൾ ഭയപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതിൽ 2013 ലെ മേൽപ്പറഞ്ഞ നിയമഭേദഗതിയിലെ ചില വൈകല്യങ്ങൾ ഇടയാക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതിന്റെ ഡ്രാഫ്റ്റ് ബിൽ പാർലമെന്റ് പരിഗണിച്ച അവസരത്തിൽ ബലാത്സംഗത്തെയും (Rape) ലൈംഗികാതിക്രമത്തെയും (Sexual harassment) രണ്ടായി കണക്കിലെടുത്തില്ലായെന്നതു ഒരു വൈകല്യമായി തന്നെ കാണണമെന്നാണ് തോന്നുന്നത്. അതിനാൽ വിവേചനബുദ്ധിയോടെ കുറ്റങ്ങളുടെ ഗുരുത്വം കണക്കാക്കി ശിക്ഷ നിർണ്ണയിക്കുകയെന്ന ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വം ഈ നിയമഭേദഗതിയിൽ പാളിപ്പോയില്ലേയെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഈ നിയമഭേദഗതിയുടെ മറ്റൊരു വൈകല്യമായി പറയാവുന്നതു ലൈംഗികാതിക്രമ ആരോപണമുന്നയിക്കുന്നവർക്ക് ലഭിയ്ക്കുന്ന പൂർണ്ണമായ മറയാണ്. പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നിയമം നൽകുന്നു. എന്നാൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന സംരക്ഷണം ന്യായവും ശരിയുമാണ്. പക്ഷെ ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവരുടെ വാക്കുകൾ മാത്രമെടുത്തു രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ആരോപിതരാകുന്നവർക്ക് ഒരു സംരക്ഷണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന പോലെ വ്യക്തിപരമായ പകപോക്കലിനായി നിയമത്തിന്റെ ഉത്തമതാൽപര്യത്തെ മറികടന്നു ഈ നിയമം ദുരുപയോഗിക്കാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. മനുഷ്യരെല്ലാം സത്യം മാത്രം പറഞ്ഞു തുടങ്ങിയെന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ?

ആസന്നഭാവിയിൽ സ്ത്രീയും പുരുഷനും തമ്മിലടുത്തു ഇടപഴുകുന്ന മേഖലകളിലെല്ലാം അതു വീടായാലും തൊഴിലിടങ്ങളായാലും പൊതുസ്ഥലങ്ങളായാലും വിശ്വാസരാഹിത്യം ഒരു പ്രശ്നമായി മാറും. എപ്പോഴാണ് എങ്ങനെയാണ് ഒരു ആരോപണമുയരുന്നതെന്നുള്ളത് തികച്ചും കേവലമായ ആപേക്ഷികതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ജീവിതമേഖലകളൊക്കെയും ഒരു ‘മൈൻപാട’മായി പരിണമിക്കുവാൻ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താൽ ഈ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യങ്ങളൊക്കെ സമഗ്രമായി പരിശോധിച്ചു എല്ലാവരുടെയും നന്മയും സുരക്ഷയും അന്തസും സംരക്ഷിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനനുസരിച്ച് തുറന്ന ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. നല്ല വശങ്ങൾ ക്രോഡീകരിക്കപ്പെടുകയും നിയമങ്ങൾ കൂടുതൽ ന്യായവും ശരിയുമായി തീരട്ടെയെന്നും ആശിക്കുന്നു.
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner