ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

1969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം.
Khasak
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് കാണേണ്ടുന്നത്.

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിൻറെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻകാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത 1960 കളിലെ ഒരു കേരളഗ്രാമമാണ്. റാവുത്തൻമാരും തിയ്യൻമാരും ചെട്ടിച്ചികളും നായൻമാരുമൊക്കെയുള്ള ഒരു തനി പാലക്കാടൻ ഗ്രാമം.

ചെതലി മലയുടെ മിനാരങ്ങളിൽ കണ്ണുനട്ടു കിടക്കുന്ന ബദരീങ്ങളുടെ ഉടയവനായ സെയ്യദ് മിയാൻ ഷെയ്ഖ് തങ്ങളുടെ കല്ലറയിലും രാജാവിൻറെ പള്ളിയിലും അറബികുളത്തിലും പോതി കുടിപാർക്കുന്ന പുളിക്കൊമ്പത്തുമൊക്കെ ചരിത്രവും മിത്തുകളുമൊളിപ്പിച്ച പ്രാചീനമായ ആ ഗ്രാമത്തിലേക്ക് ഏകധ്യാപക വിദ്യാലയത്തിലെ മാഷായി രവിയെത്തുന്നു. ഇവിടെ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകധ്യാപക വിദ്യാലയം രവി ആരംഭിക്കുന്നു. പുതിയ സ്കൂളിൽ കുട്ടികൾ ചേരുന്നതിനെ ഗ്രാമത്തിലെ മതപാഠശാലയിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപിച്ചാ മൊല്ലാക്ക എതിർക്കുന്നു. ഉപജീവനം നഷ്ടപ്പെടുമെന്നുള്ളതാണ് അടിസ്ഥാനപ്രശ്നമെങ്കിലും പൗരോഹത്യം ആധുനികമാകുന്നില്ലായെന്നുള്ളത് ഈ നോവൽ വായിക്കുമ്പോൾ ആരായാലും ഒന്നു ശ്രദ്ധിക്കാതിരിക്കില്ല.

മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുകിളി, നൈജാമലി, മൈമൂന, കുഞ്ഞാമിന, തിത്തിമ്പി, കല്യാണിക്കുട്ടി, കേലൻ, കവര്, ചാത്തൻ, ആബിദ, മുങ്ങാങ്കോഴി, കരുവ്, അലിയാർ, നീലി, കുട്ടാപ്പു, ചാന്തുമ്മ, കേശി, പത്മ അങ്ങനെ ഒരുപാടുപേർ. മലയാളി പുതിയൊരു ഉദയം കാണുകയായിരുന്നു. ഈ നോവലിലെ പാത്ര സൃഷ്ടിയും അവരുടെ സവിശേഷമായ സംഭാഷണ ശൈലികളും ആസ്വാദനത്തിനു പുതിയൊരു തലം ആവശ്യപ്പെടുന്നുണ്ട്.

ഡി.എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ സാഹിത്യതറവാട്ടിലെ കാരണവൻമാരെ ചൊടിപ്പിച്ചത് പോലെ ഖസാക്കിൻറെ ഇതിഹാസവും പ്രസിദ്ധീകരണത്തിന്റെ ആദ്യകാലത്തു ഇവിടുത്തെ നടപ്പ് വായനക്ക് വെല്ലുവിളിയുയർത്തുകയുണ്ടായി. രതിയിലും ലൈംഗികതയിലും ഉത്തരാധുനികതയുടെ സ്ഫുരണങ്ങൾ ഖസാക്കിന്റെ ഇതിഹാസത്തിൽ കാണുവാൻ കഴിയും. മണിപ്രവാളം തൊട്ടു മലയാളി വായനക്കാർ കണ്ടും കേട്ടും പരിചയിച്ചുവന്ന ക്ലാസിക്കൽ രതികല്പനകളെ ഒ.വി. വിജയൻ പൊട്ടക്കുളത്തിനരികിലേക്കും പള്ളിപ്പറമ്പിലെ വെറും നിലത്തേക്കുമൊക്കെ വലിച്ചെറിഞ്ഞു. ക്ലാസിക്കൽ രതികല്പനകളെ റദ്ദു ചെയ്തു കൊണ്ടെഴുതുവാൻ ഉത്തരാധുനികർ ഒരു വ്യഗ്രത തന്നെ കാണിക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇതു വളരെ തെളിഞ്ഞു കാണാം. അതുപോലെ ഒരു പടികൂടി കടന്നു അള്ളാപിച്ചാ മൊല്ലാക്കയ്ക്ക് നൈജാമലിയോടു തോന്നുന്ന സ്വവർഗ്ഗാനുരാഗവും; ഈഡിപ്പസ് കോംപ്ലക്സിൽ നിന്നും രക്ഷപ്പെടുവാനായി മാധവൻ നായർ നടത്തുന്ന വീടൂപേക്ഷിക്കലുമൊക്കെ കഥാഗതിയിൽ കടന്നുവരുന്നതിലൂടെ പാരമ്പര്യവാദികളുമായി ഒരു ഏറ്റുമുട്ടലിനു കലാപസന്നദ്ധനായ ഒ.വി. വിജയനെയാണു നാമിവിടെ കാണുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner