DNA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്.

മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്.
ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെടുക്കുവാനും മറ്റൊരു ട്രിപ്ലറ്റ് തിരഞ്ഞെടുത്ത അമിനോആസിഡുമായി കൂടിച്ചേരാൻ പാകത്തിൽ അതിനെ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കുന്നത് ഓരോ കോശത്തിലെയും ട്രിപ്ലറ്റുകളാണ്. അടുത്ത തലമുറയിലെ രൂപ-ഗുണ-സ്വഭാവ വിശേഷങ്ങളെ നിർണ്ണയിക്കുന്ന ഏതെങ്കിലും പ്രോട്ടീന്റെ നിർമ്മാണം സാദ്ധ്യമാക്കുവാൻ ആവശ്യമായ ട്രിപ്ലറ്റുകളെ വഹിക്കുന്നതാണ് ജീൻ അഥവാ ജനിതകം. മനുഷ്യശരീരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ജീനുകളുണ്ട്. ഇവയെല്ലാം കൂടി 300 കോടിലേറെ ജനിതക കോഡ് ശൃംഖലയ്ക്ക് രൂപം നൽകുന്നു. എപ്രകാരമാണ് ഓരോ അമിനോആസിഡിന്റെ സംജ്ഞയും അനുക്രമവും ജീനിന്റെ രഹസ്യ ഭാഷയിൽ എഴുതിവെച്ചിരിക്കുന്നത് എന്നതാണ് ജനിതകകോഡ് എന്ന ആശയത്തിന്റെ പിന്നിലുള്ളത്.
ജനിതകകോഡിന്റെ നിയമങ്ങൾ കണ്ടുപിടിക്കുവാനും അങ്ങനെ ആ രഹസ്യഭാഷയുടെ ഗൂഢാർത്ഥം അനാവരണം ചെയ്യാനുമുള്ള ഗവേഷണം 1960 കളിൽ അമേരിക്കയിലാണ് പ്രധാനമായും നടന്നത്. നിരൻബർഗ്, ഹോളി, ഇന്ത്യൻ വംശജനായ ഹർഗോവിന്ദ് ഖുറാന എന്നീ ശാസ്ത്രജ്ഞന്മാരാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത്. ജനിതകകോഡിനെ കുറിച്ചുള്ള കണ്ടെത്തലിനു ശേഷമുണ്ടായ പുരോഗതികളാണ് ജീൻ സംശ്ലഷണവും ജനിതക എൻജിനിയറിംഗിൽ ഉണ്ടായ എണ്ണമറ്റ നേട്ടങ്ങളും.
മനുഷ്യ ശരീരത്തിലുള്ള ജനിതകവസ്തുവിന്റെ സമാഹാരത്തെയാണ് ഹ്യൂമൻ ജീനോം എന്നുപറയുന്നത്. ചുരുക്കത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതും അവന്റെ സ്വഭാവസവിശേഷതകൾക്ക് കാരണവും സന്തതിപരമ്പരകളിലൂടെ ഇത് തുടരുവാൻ സാദ്ധ്യമാക്കുന്നതും ജീനോം ആണ്. മനുഷ്യന്റെ ജീനോമിൽ ഉള്ള 23 ജോഡി ക്രോമോസോമുകളിൽ 22 ജോഡിയും ഒരേ തരം ക്രോമോസോമുകളാണ്. എന്നാൽ സെക്സ് ക്രോമോസോം എന്നുവിളിക്കുന്ന ഒരു ക്രോമോസോം ജോഡിയുടെ ഇഴകളിൽ മാത്രം വ്യത്യാസം കാണുന്നു. ജീവികളിൽ ലിംഗഭേദം നിർണ്ണയിക്കുന്നത് സെക്സ് ക്രോമോസോമുകളിലെ ഈ വ്യത്യാസമാണ്. പുരുഷനിൽ ഈ ക്രോമോസോം ജോഡിയുടെ ഘടന XY ഉം സ്ത്രീയിൽ XX ഉം ആണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യൻ ആണോ പെണ്ണോ ആയി ജനിക്കുന്നത്.
ഹ്യൂമൻ ജീനോം പ്രോജക്ട് സാക്ഷാത്കരിക്കുമ്പോൾ ആരോഗ്യ പരിരക്ഷയിലും രോഗചികിത്സയിലും വമ്പിച്ച മാറ്റങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. ഇപ്പോൾ മനുഷ്യനു കീഴടങ്ങാത്ത പല രോഗങ്ങളെയും ഭാവിയിൽ ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും. ഒരു തലമുറയിൽ നിന്നു അടുത്തതിലേക്ക് പകർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യരോഗങ്ങളുടെ വേരുകളെ ജനിതകശേഖരത്തിൽ നിന്നു തന്നെ മുറിച്ചെറിയാൻ സാധിക്കുന്ന ജേംലൈൻ എൻജിനിയറിംഗ് എന്ന ചികിത്സാ രീതിയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ക്ലോണിംഗ് വഴി സൃഷ്ടിയുടെ രഹസ്യവാതിലിന്റെ അടുത്തെത്തിയ ശാസ്ത്രം മരണത്തെ തന്നെ തോൽപ്പിച്ചു കൊണ്ടായിരിക്കും ഇനി നമ്മളെ അമ്പരിപ്പിക്കുന്നത്.