നന്ദിത…

മൊഴിയറ്റ മൗനം പോലെ…
വിതുന്വി നിൽക്കുന്ന നൊന്വരം പോലെ…
എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു
എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു
നന്ദിത…
1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു
ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു.
1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല.
“ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ
അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ
നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ
നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ
കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ
വരിക ജീവന്റെ മെഴുകുതിരിയുമായ്
ഒരു തലയോട്ടി നിറയെ വീഞ്ഞുമായ്
ഹരിത ചർമ്മത്തിൻ ഒലിവിലയുമായ്
വരിക നീ
ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…”
| -- മരണവാർഡ് |
| -- ബാലചന്ദ്രൻ ചുള്ളിക്കാട് |
മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത്
ആമുഖത്തിൽ നിന്നും…
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോട് തന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞു പോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോകുകയും ചെയ്ത നന്ദിത, സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറിച്ചുവെച്ച കവിതകളെല്ലാം രഹസ്യമാക്കിവെച്ചു. വീട്ടിലുള്ളവർ പോലും ഇക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയതിനു ശേഷമാണ്.
“കാമുകൻമാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദ ഗീതമായ്
എന്നുള്ളലിഞ്ഞു പുറത്തേക്കൊഴുകിയെൻ
കണ്ണുകൾ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര
പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ…”
അന്നു കിടക്കാൻ പോകുന്നതിനു മുന്വ് അമ്മയോട് നന്ദിത പറഞ്ഞു – “അമ്മേ, ഒരു ഫോൺ വരും, ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം” ആ ഫോൺ കോൾ വന്നതായി വീട്ടിലാരും കേട്ടിരുന്നില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്ക് വന്നപ്പൊൾ മുകളിലെ മുറിക്ക് ചേർന്നുള്ള ടെറസിൽ…
അവൾ പോയ് കഴിഞ്ഞിരുന്നു…
“എനിക്കും നിനക്കുമിടയിൽ
അനന്തമായ അകലം
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്
ഞാൻ നീ മാത്രമാണെന്ന്”
സ്നേഹത്തെക്കുറിച്ചു, ദിവ്യമായ പ്രണയത്തെക്കുറിച്ചു എന്നും വേദനിച്ചിരുന്നു അവൾ. തന്റെ ജന്മദിനം തന്നെ അസ്വസ്ഥയാക്കുന്നതായി ഒരു കവിതയിൽ അവൾ പറയുന്നു.
“കൂട്ടുകാരൊരുക്കിയ പൂചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളന്വിയ പാൽപായസത്തിനുമിടയ്ക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തകക്കെട്ടുകൾക്കിടയ്ക്കു നിന്നും
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുന്വിലെ അഗ്നി
കെട്ടുപോയിരുന്നു!”
തുടർന്നു വായിക്കുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക