
വിഷാദാവസ്ഥയെക്കുറിച്ചുള്ള ആധുനിക പഠനങ്ങളുടെ അടിസ്ഥാനം ഫ്രോയിഡിന്റെ ‘Morning and Melancholia’ എന്ന ഗ്രന്ഥമാണ്. ഒരു ഇഷ്ടവസ്തുവോ വ്യക്തിയോ നഷ്ടപ്പെടുമ്പോൾ അവയെ ഇഷ്ടപ്പെട്ടിരുന്ന ആൾക്ക് നിരാശയുണ്ടാകുന്നു. അതിൽ നിന്നുണ്ടാകുന്ന വിയോഗദു:ഖം ഏറെ കാലത്തേക്ക് നിലനിൽകുന്നു. ഒരു കാലഘട്ടത്തിനു ശേഷം ആ വ്യക്തി ദു:ഖത്തിൽ നിന്നും മുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെയുള്ള വിയോഗദു:ഖത്തിനു ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്നാണു പറയുന്നത്. എന്നാൽ ചിലർക്ക് ഇതിനു കഴിയുന്നില്ല, അവർ ദു:ഖത്തിൽ നിന്നു വിഷാദത്തിലേക്ക് പതിക്കുന്നു. മനശാസ്ത്രപരമായി പറഞ്ഞാൽ ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിൽ നിന്നു ‘പതോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിലേക്ക് പോകുന്നു.
ഇവിടെ എന്നെ അമ്പരപ്പിച്ച ഒരു പരാമർശം, ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന ‘പതോളജിക്കൽ മോണിംഗ്’ അതായത് ഒരു കാലഘട്ടത്തിനു ശേഷവും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്താലുണ്ടായ ദുഖത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും കടുത്ത വിഷാദത്തിലാണ്ടുപോകുകയും ചെയ്യുന്ന മാനസികാവസ്ഥയ്ക്ക് കാരണമായി ഫ്രോയിഡ് പറഞ്ഞതാണ് -- “പതോളജിക്കൽ മോണിംഗിനു ഒരു പ്രധാന കാരണം നഷ്ടപ്പെട്ട വസ്തുവിനോട് /വ്യക്തിയോട് ഒരാൾ ഒരേ സമയം നിലനിർത്തിപോകുന്ന സ് നേഹം, വെറുപ്പ് എന്നിവ ഉൾകൊണ്ട ബന്ധമാണ് ”.
അബോധ മനസ്സിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന ഓർമ്മകൾ മനോരോഗങ്ങൾക്ക് ഹേതുവായി തീർന്നേക്കാമെന്നും ഫ്രോയിഡും യുങ്ങും തെളിയിക്കുകയുണ്ടായി. വ്യക്തിത്വവികാസത്തിൽ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും വ്യക്തി ജീവിക്കുന്ന സാഹചര്യങ്ങൾക്കുമാണ് പ്രധാന പങ്ക്. ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന സഹജവാസനകൾ എല്ലാ ജീവികളിലുമുണ്ട്. മനുഷ്യരെ സംബന്ധിച്ചു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ സന്വാദിക്കുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നത് ഇത്തരം സഹജവാസനകൾ മൂലമാണ്. ഇതു കൂടാതെ മനുഷ്യനിലുള്ള ശക്തമായ ചില വാസനകളാണ് ലൈംഗിക ആകർഷണം, സാമൂഹ്യമായ ബന്ധം പുലർത്തണമെന്ന ആഗ്രഹം, അംഗീകരിക്കപ്പെടണമെന്നുള്ള ആഗ്രഹം, സുഖകാംക്ഷ തുടങ്ങിയവ. ഈ വാസനകളുടെയെല്ലാം ആകെ തുകയാണ് ഒരു വ്യക്തിയുടെ സംസ്കാരം എന്നു പറയുന്നത്. അതുകൊണ്ട് ഒരു വ്യക്തിക്കുണ്ടാകുന്ന ആന്തരികചോദനകളും ലഭിക്കുന്ന ബാഹ്യപ്രേരണകളും അവയോടൊക്കെ എങ്ങനെ പ്രതികരിക്കുന്നുവെന്നതും ഒരു വ്യക്തിയുടെ സംസ്കാരത്തെ നിർണ്ണയിക്കുന്നുവെന്നും മാർഗരറ്റ് മീഡിനെപ്പോലുള്ള നരവംശശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്.
സംഘർഷാത്മകമായ കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളരുന്ന കുട്ടികൾ, പ്രായേണ കുറ്റവാസനകൾ അധികമായി പ്രകടിപ്പിക്കുന്നതിനായി കാണാറുണ്ട്. മാതാപിതാക്കളോട് തോന്നുന്ന വെറുപ്പും വിദ്വേഷവുമാണ് ഭാവിയിൽ ആധികാര സ്ഥാനങ്ങളെ എതിർക്കാനും മൂല്യങ്ങളെ വിലമതിക്കാതിരിക്കാനും വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ഓരോ വ്യക്തിയും മറ്റു വ്യക്തികളിൽ നിന്നും വ്യത്യസ്ഥരാണ്. ഓരോ വ്യക്തിക്കും അവന്റേതായ വ്യക്തിത്വം ഉണ്ടായിരിക്കും. പെരുമാറ്റം, സ്വഭാവം, ബൗദ്ധികമായ കഴിവുകൾ, വൈകാരികമായ വളർച്ച, കാര്യശേഷി, പക്വത എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഒരാളിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക