
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ് ജ്യോതിശാസ്ത്രജ്ഞൻ ഈ സിദ്ധാന്തം തിരുത്തിക്കുറിച്ചു. സൗരയൂഥകേന്ദ്രം സൂര്യനാണെന്ന സങ്കല്പം രൂപീകരിക്കുവാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത് ചൊവ്വായുടെ പ്രകാശതീഷ്ണതയിൽ കാണപ്പെട്ട വ്യത്യാസങ്ങളാണ്. ടോളമി പറഞ്ഞതുപോലെ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങൾ ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ അവയുടെ പ്രകാശം എന്നും ഒരുപോലെയിരിക്കേണ്ടതാണ്. മറിച്ച് ഭൂമിയും ചൊവ്വയുമൊക്കെ സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ ചൊവ്വ കൂടെക്കൂടെ ഭൂമിയിൽ നിന്ന് അകലെയാകുവാനും പ്രകാശത്തിന് വ്യത്യാസം വരുവാനും ഇടയാക്കുമെന്നുള്ള കാര്യം കോപ്പർനിക്കസിന് മനസ്സിലായി. ഇത് തുറന്ന് പറഞ്ഞതിനെത്തുടർന്ന് അന്നത്തെ കത്തോലിക്കാ സഭയുടെ വിശ്വാസമായിരുന്ന ഭൗമ കേന്ദ്രീകൃത സിദ്ധാന്തത്തിന് എതിരായിരുന്നതിനാൽ കോപ്പർനിക്കസിന് സഭാ അധികാരികളിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നത്.
ടൈക്കോബ്രാഹെ എന്ന ഡെൻമാർക്കുകാരനായ ജ്യോതിശാസ്ത്രജ്ഞൻ 16-ം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൊവ്വായുടെ സഞ്ചാരം ശ്രദ്ധിച്ചു നിരീക്ഷിക്കുകയുണ്ടായി. ടൈക്കോബ്രാഹെയുടെ ഈ നിരീക്ഷണങ്ങളെ ആസ്പദമാക്കി ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ യൊഹന്നാസ് കെപ്ലർ 1609 ലും 1618 ലും പ്രസിദ്ധീകരിച്ച ഗ്രഹങ്ങളുടെ ഭ്രമണപഥം സംബന്ധിച്ച മൂന്ന് പ്രധാന നിയമങ്ങളാണ് ആധുനിക ജ്യോതിശാസ്ത്രത്തിന് അടിത്തറയിട്ടത്. ഇക്കാലത്ത് തന്നെയാണ് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി തന്റെ കണ്ടുപിടുത്തമായ ദൂരദർശിനിയിലൂടെ ചൊവ്വായെ നിരീക്ഷിക്കുവാൻ തുടങ്ങിയത്. ഭൂമിയെപ്പോലെ ചൊവ്വായും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നെന്നുള്ള വസ്തുത സ്ഥാപിക്കപ്പെട്ടത് 1659 ൽ ആയിരുന്നു. കാര്യങ്ങൾക്ക് കൂറെക്കൂടി വ്യക്തത വന്നതോടെ സൂര്യൻ കേന്ദ്രീകൃതമായ സൗരയൂഥമാണുള്ളതെന്ന് ഗലീലിയോ തെളിയിച്ചു. കോപ്പർനിക്കസ് വെളിപ്പെടുത്തിയ ഈ ശാസ്ത്രസത്യം ഒരു നൂറ്റാണ്ടിനിപ്പുറം തെളിവുകളോടെ അവതരിപ്പിച്ചപ്പോൾ മതനിന്ദാ കുറ്റം ചുമത്തിയാണ് അന്നത്തെ കത്തോലിക്കാ സഭാ അധികാരികൾ ഗലീലിയോയെ നേരിട്ടത്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക