
ഇത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ നമ്മൾ വായിച്ചത്.
ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഗ്രീസിനെന്തു ചെയ്യാൻ കഴിയും?
അടിസ്ഥാന സാമ്പത്തികശാസ്ത്രം തന്നെയാണ് പോംവഴി. വായ്പയിൽ കുറേ ഭാഗമെങ്കിലും എഴുതിതള്ളുകയും ഉൽപ്പാദന–സാമൂഹ്യ-സുരക്ഷാമേഖലകളിലൊക്കെ സർക്കാർ ചെലവ് വർദ്ധിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും. അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതു വഴി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വർദ്ധിക്കുകയും ഉൽപ്പാദനം വർദ്ധിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായിരുന്ന മാന്ദ്യം പതുക്കെ മാറുകയും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
പക്ഷെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഗ്രീസിനു മുമ്പിൽ പ്രായോഗികമായ ഏറെ പരിമിതികൾ ഉണ്ട്. ജൂലൈയിലെ ജനഹിതപരിശോധനയെപ്പറ്റി ഗ്രീക്ക് പത്രങ്ങളിൽ വന്ന വാർത്തയിലെ ഒരു വാചകം തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നുണ്ട് - ‘We Greeks voted ‘No’ to slavery, but ‘Yes’ to chains’. യൂറോസോണിലെ രാജ്യങ്ങൾക്ക് സ്വന്തമായി സാമ്പത്തിക നയം രൂപീകരിച്ചു നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ല. ഇത്തരം കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്കാണ്. ഉദാഹരണത്തിനു കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രീസിന്റെ കറന്റ് അക്കൗണ്ട് കമ്മിയും ബജറ്റ് കമ്മിയും വർദ്ധിച്ചു വരികയായിരുന്നു (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി കയറ്റുമതിയേക്കാൾ അധികമാകുമ്പോൾ കറന്റ് അക്കൗണ്ടിൽ കമ്മി ആണെന്നു പറയും). എന്നാൽ ഇതിനെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതിനു യൂറോസോണിന്റെ പല നിബന്ധനകളും മൂലം ഗ്രീസിനു കഴിയാതെ വന്നു.
അപ്പോൾ യൂറോ ആണോ പ്രതി?
യൂറോയും യൂറോസോണിന്റെ പല നയങ്ങളും തന്നെയാണ് പ്രതി. സ്വതന്ത്ര വ്യാപാരവും സ്വതന്ത്രമായ മൂലധന പ്രവാഹവും ഒറ്റ കറൻസിയുമുള്ള ഒരു സാമ്പത്തിക യൂണിയനാണ് യൂറോസോൺ. ഫലത്തിൽ ഒറ്റ സമ്പദ് വ്യവസ്ഥ. പക്ഷെ ഇതിലെ അംഗരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുവെന്ന യഥാർത്ഥ്യം ഉൾക്കൊണ്ട് നയ പരിപാടികൾ പരിഷ്കരിക്കുവാൻ യൂറോസോൺ തയ്യാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാവുകയും പുതിയയിടങ്ങളിലേക്ക് വ്യാപിക്കാനും ഇടയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ യൂറോ ഉപേക്ഷിച്ചു തങ്ങളുതേതായ പഴയ കറൻസിയിലേക്ക് മടങ്ങി പോകാനും യൂറോസോണിനു വെളിയിൽ പോകാനുമുള്ള പ്രക്ഷോഭങ്ങൾ ഓരോ രാജ്യങ്ങളിലുമുണ്ടാവുകയും ശക്തി പ്രാപിക്കുകയും ചെയ്യും. എന്തായാലും ഗ്രീസിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ഭാവിയിൽ രണ്ടിലൊരു കാര്യത്തിൽ തീരുമാനമുണ്ടായേ പറ്റൂ - ഒന്നുകിൽ യൂറോസോണിന്റെ സാമ്പത്തിക നയങ്ങളിൽ ആവശ്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടാവുക; അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാതെ രാജ്യങ്ങൾ യൂറോസോണിന്റെ പുറത്തേക്ക് പോവുക. പരിഷ്കാരങ്ങൾ ഉണ്ടാവുമെന്നു തന്നെയാണ് ലോകം വിശ്വസിക്കുന്നത്. അടുത്ത പത്തുകൊല്ലം യൂറോസോണിനു നിർണ്ണായകം തന്നെയാണ്.