
കര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്ന തീയ്യതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. പക്ഷെ തിരിച്ചു കൊടുക്കാൻ ഗ്രീസിന്റെ കയ്യിൽ പണമില്ല. IMF നു 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ടുന്ന അവസാന ദിവസമായിരുന്നു 2015 ജൂൺ 30. അതു കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ IMF നു തിരിച്ചടയ്ക്കേണ്ടുന്നതിൽ മുടക്കം വരുത്തിയ ആദ്യ വികസിതരാജ്യമായി ഗ്രീസ്.
ആരൊക്കെയാണ് ഗ്രീസിനു കടം കൊടുത്തത്?
കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ചു ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേക്കുള്ള ഗ്രീസിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇവ തകർന്നേക്കും (2009 ലെ സബ്പ്രൈം പ്രതിസന്ധിയിൽ അമേരിക്കയിലെ പ്രശസ്തമായ ലേമാൻ ബാങ്ക് തകർന്നത് ഉദാഹരണം) എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവർ നയിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ഈ കടം തിരിച്ചടയ്ക്കുന്നതിനായി ഗ്രീസിനായി കടാശ്വാസപദ്ധതികൾ പ്രകാരം വായ്പ അനുവദിച്ചു. IMF ഉം ഇവരുടെ കൂടെക്കൂടി. മറ്റൊരുതരത്തിൽ പറഞ്ഞാൽ വൻകിട സ്വകാര്യ ബാങ്കുകൾക്ക് കൊടുക്കാനുള്ള കടം യൂറോപ്യൻ സർക്കാരുകളും യൂറോപ്യൻ- അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും ഏറ്റെടുത്തു. സർക്കാർ ചെലവിൽ അതായത് ജനങ്ങളുടെ ചെലവിൽ സ്വകാര്യബാങ്കുകളുടെ വൻപലിശയും കടവുമടക്കമുള്ള തുകകൾ കൊടുത്തു തീർക്കപ്പെടാനുള്ള വഴിയൊരുങ്ങി.
എന്താണീ ‘ട്രോയിക്ക’?
പിന്നീടങ്ങോട്ട് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട്, വായ്പ കൊടുത്തവരെ പ്രതിനിധീകരിച്ചു ഗ്രീസുമായുള്ള ചർച്ചകൾ മൂന്നു സ്ഥാപനങ്ങൾ നയിച്ചു തുടങ്ങി - യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽബാങ്ക്, IMF. ഈ മൂന്നു സ്ഥാപനങ്ങളുടെ സംഘത്തെ Troika (റഷ്യൻ ഭാഷയിൽ ‘ട്രോയിക്ക’ എന്നു പറഞ്ഞാൽ മൂവർസംഘം എന്നാണ് അർത്ഥം) എന്നാണ് അറിയപ്പെടുന്നത്. ട്രോയിക്ക ഗ്രീസിനു മേൽ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു തുടങ്ങി. സർക്കാർ ചെലവ് കുറയ്ക്കുക, പരോഷനികുതികൾ വർദ്ധിപ്പിക്കുക, വാറ്റ് കൂട്ടുക, വിരമിക്കൽ പ്രായം ഉയർത്തുക, പെൻഷൻ-സബ്സിഡികൾ-ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക, പല പൊതുമേഖലകളിൽ നിന്നും ഗവൺമെന്റ് പിൻമാറുക തുടങ്ങിയ കാര്യങ്ങളിൽ ട്രോയിക്ക നിർബന്ധം പിടിയ്ക്കുന്നു. ഇതുമൂലം സാധാരണക്കാരുടെ കയ്യിലേക്ക് പണം ചെല്ലാതിരിക്കുകയും അവരുടെ അടിസ്ഥാനആവശ്യങ്ങളൊന്നും തന്നെ നിർവ്വഹിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതു കാരണം രാജ്യമാകെ അസ്വസ്ഥതയുടെ പുകപടലങ്ങൾ പടരുന്നതിനു ഇടയാക്കുന്നു. ട്രോയിക്കയുടെ ലക്ഷ്യം എങ്ങനെയും ഗ്രീസിനെക്കൊണ്ടു വായ്പയെടുത്ത പണം ബാങ്കുകളിൽ തിരിച്ചടപ്പിക്കുകയെന്നതു മാത്രമായി ചുരുങ്ങുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.
സിരിസ!
ഇങ്ങനെ രാഷ്ട്രീയ അസ്ഥിരതയും ഗവൺമെന്റുകളുടെ കെടുകാര്യസ്ഥതയും മൂലം ഗ്രീസ് ആകെ കലുക്ഷിതമായിരിക്കുന്ന അവസരത്തിലാണ് ചെലവ് ചുരുക്കൽ നയങ്ങൾക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും നടന്ന വൻസമരങ്ങളുടെ ചിറകിലേറി 2015 ജനുവരിയിൽ അലക്സിസ് സിപ്രാസ് നയിച്ച സിരിസ എന്ന ഇടതുപക്ഷ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. IMF ലേക്കുള്ള തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു സാമ്പത്തികസ്ഥിതി ആകെ തകരാറിലായതിനാൽ തുടർന്നും കടാശ്വാസപദ്ധതിയിൽനിന്നു വായ്പ ലഭിക്കുന്നതിനു ട്രോയിക്ക മുമ്പോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കണമോയെന്നുള്ളതിനു ജനഹിതപരിശോധന നടത്താൻ സിപ്രാസ് തീരുമാനിച്ചു. ഇതനുസരിച്ചു ജൂലൈ 5 നു നടന്ന ഹിതപരിശോധനയിൽ കർശനമായവ്യവസ്ഥകൾ അംഗീകരിക്കേണ്ടതില്ലായെന്നു 62% ജനങ്ങളും വിധിയെഴുതി. ഇത് സർക്കാർ നിലപാടുകൾക്കുള്ള അംഗീകാരമാണെങ്കിലും ഗ്രീസ് കടക്കെണിയിൽതന്നെ തുടരുന്നതിനാൽ ഇനിയെന്ത് എന്ന ചോദ്യം അവശേഷിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയും സർക്കാർവരുമാനത്തിന്റെ വർദ്ധനവും മെച്ചപ്പെടാതിരിക്കുന്നതിനാൽ കടബാദ്ധ്യത താങ്ങാനാവാത്ത നിലയിലേക്ക് വളർന്നു വരുന്ന സ്ഥിതി നിലനിൽക്കുകയാണ്. അതിനാൽ അടിയന്തിരമായി കടാശ്വാസപദ്ധതിയിൽ നിന്നു വായ്പ ലഭിച്ചില്ലെങ്കിൽ രാജ്യത്തെ സാമ്പത്തികരംഗം നിശ്ചലമാകുമെന്ന സാഹചര്യത്തിൽ സിപ്രാസ് വായ്പ സ്വീകരിക്കാനും ഉടമ്പടി അംഗീകരിക്കാനും തയ്യാറായി.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക