
നികുതി, വൈദ്യുതി, ഭൂമി തുടങ്ങിയ കാര്യങ്ങളിൽ ഐ.ടി കന്വനികൾക്ക് ഇന്ത്യയിൽ നൽകപ്പെട്ടിട്ടുള്ള ഇളവുകൾ ഇവിടെ മറ്റൊരു വ്യവസായത്തിനും ഇതുവരെ ലഭിക്കാത്തതാണ്. ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖലയിൽ ഇന്നുള്ള കന്വനികളിൽ 70% ഉം ചെറുകിടക്കാരാണ്. ഒരു കോടി രൂപയിൽ താഴെയായിരിക്കും ചെറുകിട കന്വനികളുടെ വാർഷിക വരുമാനം. 20 ശതമാനത്തോളം ഇടത്തരക്കാരും 10 ശതമാനത്തോളം വൻകിട സ്ഥാപനങ്ങളുമാണ്. ഘടനയും വലുപ്പവുമൊക്കെ വ്യത്യസ്തമായിരിക്കുന്വോഴും ഐ.ടി കന്വനികളിൽ ബഹുഭൂരിപക്ഷവും കയറ്റുമതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയുമാണ്. ഒട്ടുമിക്ക സംരംഭകരും പുറംകരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നവരാണ്. മൂന്നാം പാർട്ടി സേവന ദാതാക്കൾക്ക് കരാർ വ്യവസ്ഥയിൽ സേവനങ്ങൾ നൽകുന്ന രീതിയാണ് ‘ഔട്ട് സോഴ്സിംഗ് ‘ എന്ന പേരിലറിയപ്പടുന്നത്. ചെലവ് ചുരുക്കലിനായി ലോകത്തു ഏററവുമധികം പ്രയോഗിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത ബിസിനസ് മാതൃകകളിലൊന്നാണ് ഇത്. ഉദാഹരണത്തിനു അമേരിക്കയിലെ ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യയിയലെ ഒരു കന്വനിയ്ക്ക് ‘ഔട്ട് സോഴ്സ് ‘ ചെയ്തുവെന്നു കരുതുക. അങ്ങനെയെങ്കിൽ അമേരിക്കൻ തൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കയിൽ തന്നെ ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രസ്തുത സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സ്ഥാപനത്തിനു കഴിയുന്നു. രണ്ടിടങ്ങളിലെയും ശബളത്തിലെയും ആനുകൂല്യങ്ങളിലെയും വലിയ തോതിലുള്ള അന്തരമാണ് കന്വനികളെ ഇതിനു സഹായിക്കുന്നത്. കൂടാതെ ഇന്ത്യയിലെ കരാർ കന്വനിയിലെ ജീവനക്കാർ അമേരിക്കയിലെ ബാങ്കിംഗ് സ്ഥാപനത്തിന്റെ ജീവനക്കാർ അല്ലാത്തതിനാൽ ഭാവിയിൽ മറ്റു ബാദ്ധ്യതകളൊന്നും തന്നെയില്ലായെന്ന നേട്ടം കൂടി ജോലികൾ ‘ഓട്ട് സോഴ്സ് ‘ ചെയ്യുന്ന കന്വനിയ്ക്ക് ലഭിയ്ക്കുന്നു.
ഇന്ത്യയിലുള്ള കന്വനികൾക്കും അതുവഴി ഇവിടെയുള്ള ജീവനക്കാർക്കും ജോലി ലഭിയ്ക്കുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ കരാറിന്റെ കാലാവധി കഴിയുന്വോൾ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത് ജോലി ഒട്ടും തന്നെ സ്ഥിരമല്ലായെന്ന് സാരം. ഇന്ത്യയിലെ ഐ.ടി/ഐ.ടി അനുബന്ധ സേവന കന്വനികളെല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ പഴയ കാലത്തെ ‘കങ്കാണി(Supervisor)’മാരുടേതിനു തുല്യമാണെന്നു പറയേണ്ടിവരും. ‘കങ്കാണി’മാർ തൊഴിൽ കന്വോളത്തിലെ മധ്യവർത്തികളായിരുന്നു. തൊഴിലുടമകൾക്ക് വേണ്ടി തൊഴിലാളികളള കണ്ടെത്തുക, അവരെ കൊണ്ട് തൊഴിലെടുപ്പിയ്ക്കുക, അവരെ നിയന്ത്രിക്കകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു പോന്നിരുന്നതു ‘കങ്കാണി’മാരായിരുന്നു. ഇന്ത്യയിൽ മാനംമുട്ടി നിൽക്കുന്ന വൻകിട ഐ.ടി കന്വനികളൊക്കെയും ഒരു കണക്കിനു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഐ.ടി മേഖലയിൽ നിലനിൽക്കുന്നത് ത്രികോണ രൂപത്തിലുള്ള തൊഴിൽ ബന്ധങ്ങളാണ്. നേരിട്ടുള്ള തൊഴിൽ ബന്ധങ്ങൾക്ക് പകരം പരോക്ഷവും അദൃശ്യവുമായ ബന്ധങ്ങളാണ് പുതിയതരം ജോലിയിടങ്ങളിൽ കാണുന്നത്.
വിരമിക്കൽ പ്രായമെത്തുന്നതുവരെ തുടരുന്ന സ്ഥിരതയും നിലവാരവുമുള്ള ജോലി എന്ന പതിവിനു പകരം കരാർ വ്യവസ്ഥയിലും പ്രോജക്ട് വ്യവസ്ഥയിലുമുള്ള അസ്ഥിര ജോലികളാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്ന് വാഗ്ദാനം ചെയ്യുന്നതും നൽകുന്നതും. ചെലവുചുരുക്കൽ എന്ന ധനശാസ്ത്ര പരീക്ഷണത്തിന്റെ മറുവശം തൊഴിൽ ബന്ധങ്ങൾ മാറ്റപ്പെടുകയും തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയെന്നുള്ളതാണ്. ‘ടെക്കി’കളിൽ പലരും തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയുമെങ്കിലും പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാവും അവർക്കുണ്ടാവുക. സ്ഥിരത പ്രോജക്ടിന്റെ കാലാവധിയോളം മാത്രം. ഒന്നിനുപുറകെ ഒന്നായി പ്രോജക്ടുകൾ കന്വനിയ്ക്കു ലഭിയ്ക്കുമെന്ന വിശ്വാസം മാത്രമാണ് തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയാൻ അവരെ പ്രേരിപ്പിയ്ക്കുന്നത്. അല്ലാതെ തൊഴിൽ നിയമങ്ങളുടെ പിന്തുണ ഒന്നും തന്നെയുണ്ടാവില്ല. ഒരോ പ്രോജക്ടും നിശ്ചിത സമയ പരിധിയ്ക്ക് തീർത്തു കൊടുത്താൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാനാവും എന്ന താൽപര്യം മൂലം തൊഴിലാളികളെ കൂടുതൽ സമയം കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഈ മേഖലയിൽ സാധാരണമാണ്. സാധാരണയിലും കൂടിയ ജോലിസമയവും ജോലിഭാരവും തൊഴിലാളികളുടെ സ്വകാര്യ-കുടുംബ-സാമൂഹ്യ ജീവിതത്തെയാകെ കവർന്നെടുക്കുന്നു. ഇതിന്റെയൊക്കെ ആകെതുകയായി വ്യക്തികൾ തകരുകയും കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുകയെന്നുള്ളത് സാധാരണമായിരിക്കുന്നു.
വ്യക്തിയാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ ഒരു സാഹചര്യമാണ് ഈ തൊഴിൽ മേഖലയിൽ പൊതുവെ കാണുന്നത്. അതിനൊപ്പം കുറച്ചു സാമൂഹ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ തിരുത്തലുകൾ തൊഴിൽ മേഖലയിലും തൊഴിൽ ബന്ധങ്ങളിലും വരുത്തുന്നത് നല്ലതാണെങ്കിൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്തിനാണ്? തിരുത്തുക തന്നെ ചെയ്യണം.