ആത്മഹത്യകളെപ്പറ്റി ഒരു റിപ്പോർട്ട്

ന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ?
suicide
സ്വന്തം ജീവൻ സ്വയം അവസാനിപ്പിക്കുകയെന്നത് മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യനിൽ കാണുന്ന ഒരു പ്രവണതയാണ്. ഇക്കാര്യത്തിൽ കാല–ദേശ–വർണ്ണ–വർഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലതാനും. കാരണങ്ങൾ എന്തൊക്കെയായാലും ആത്മഹത്യകൾ മിക്കപ്പോഴും ആ നിമിഷത്തിന്റെ വിക്ഷോഭത്തിലാണ് സംഭവിയ്ക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും അടുത്ത് എളുപ്പത്തിൽ ലഭ്യമാണോ എന്നതിനെക്കൂടെ ആശ്രയിച്ചിരിക്കും മിക്ക ആത്മഹത്യകളും. ആത്മഹത്യയ്ക്ക് ഒരുന്വെടുന്ന ആൾ ആ നിമിഷത്തെ അതിജീവിച്ചാൽ മിക്കപ്പോഴും ആത്മഹത്യയിൽ നിന്നു രക്ഷപ്പെടന്നതായിട്ടാണ് കാണുന്നത്.

ആത്മഹത്യയെ മാനസികമായ താളപ്പിഴയുമായി ബന്ധപ്പടുത്തി പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഒരാളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ വൈകാരിക വിക്ഷോഭങ്ങൾക്ക് ഒപ്പം സാന്വത്തികവും സാമൂഹ്യവും സാംസ്കാരികവും ഉൾപ്പെടെയുള്ള മറ്റു പല ഘടകങ്ങളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവർത്തനങ്ങളുമുണ്ടെന്നു കാണുവാൻ കഴിയും. പട്ടിണി, ദാരിദ്ര്യം, കടക്കെണി, അപമാനഭീതി, പരീക്ഷാപരാജയം, പ്രണയ തകർച്ച, തൊഴിലില്ലായ്മ, മാറാരോഗങ്ങൾ, ഗാർഹിക പീഢനം തുടങ്ങിയ ആത്മഹത്യയ്ക്ക് ഇടയാക്കുന്ന പല സാഹചര്യങ്ങളിലും മേൽ പറഞ്ഞ ഒന്നോ അതിലധികമോ ഘടകങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമാണ്.

ലോകത്ത് സംഭവിയ്ക്കുന്ന ആത്മഹത്യകളെക്കുറിച്ച് ലോകാരോഗ്യ സംഘടന (World Health Organization – WHO) ഇദംപ്രഥമമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ (Preventing Suicide: A Global Imperative) പറയുന്ന പല കാര്യങ്ങളും ഇതു സംബന്ധമായ നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. 2014 സെപ്തംബർ 4 ന് ജനീവയിൽ വെച്ചായിരുന്നു റിപ്പോർട്ടിന്റെ പ്രകാശനം. 2012 ലെ ആഗോള ആത്മഹത്യാ സ്ഥിതിവിവരകണക്കുകളെ ആസ്പദമാക്കിയായിരുന്നു പഠനം. ഇതനുസരിച്ച് 2012 ൽ ലോകത്തുണ്ടായ ആത്മഹത്യകളുടെ എണ്ണം 8,04,000 ആണ്. അതായത് ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലെ നിഗമനം. ഇത് ഔദ്യോഗികമായ കണക്കുകളാണെന്നതിനാൽ യഥാർത്ഥത്തിൽ ആത്മഹത്യകളുടെ എണ്ണം ഇതിനേക്കാൾ കൂടുതലാകാനേ വഴിയുള്ളൂ. അതിനാൽ തന്നെ കൂടുതൽ പഠനവും ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമൊക്കെ ആവശ്യപ്പെടുന്ന ഒരു സാമൂഹ്യപ്രശ്നമാണ് ആത്മഹത്യ.

ലോകത്തെ മൊത്തം ജനസംഖ്യ വെച്ച് നോക്കുന്വോൾ ഒരു ലക്ഷം പേർക്ക് 11.4 പേർ എന്നതാണ് 2012 ന്റെ ആഗോള ആത്മഹത്യാ അനുപാതം. ഈ രംഗത്തും പുരുഷ മേധാവിത്വം തന്നെയാണുള്ളത്. സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിനു 8 ആയിരിക്കുന്വോൾ പുരുഷന്മാരുടേത് ഏതാണ്ട് ഇരട്ടിയാണ്, ഒരു ലക്ഷത്തിനു 15. എന്നാൽ ഇടത്തരവും അതിലും താഴ്ന്നതുമായ സാന്വത്തിക സ്ഥിതിയുള്ള രാജ്യങ്ങളിൽ ആത്മഹത്യകളുടെ സ്ത്രീ - പുരുഷ അനുപാതം ഏകദേശം തുല്യമാണ്. അതായത് സാന്വത്തികമായി ഏറെ പുരോഗതി നേടിയതും ജീവിത നിലവാരം കൂടിയതുമായ രാജ്യങ്ങളിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് വളരെ കുറവും പുരുഷന്മാരുടേത് താരതമ്യേന കൂടുതലുമാണ്. സാമൂഹ്യശാസ്ത്രപരമായി പഠിക്കേണ്ടുന്ന വിഷയങ്ങളാണിത്.

ഗയാനയാണ് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള രാജ്യം ഒരു ലക്ഷത്തിനു 44.2 പേർ. ഉത്തര കൊറിയ - 39.5, ദക്ഷിണ കൊറിയ - 28.9, ശ്രീലങ്ക - 28.8, ലിത്വാനിയ - 28.2 , സൂരിനാം - 27.7 എന്നിവ തൊട്ടു പിന്നിൽ നിൽക്കുന്നു. എല്ലാ രാജ്യങ്ങളിലും 70 വയസ്സ് കഴിഞ്ഞവരുടെ ആത്മഹത്യാ നിരക്കും ഉയർന്നു കാണുന്നുവെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. സംഘർഷങ്ങൾക്കും വിവേചനങ്ങൾക്കും നടുവിൽ ജീവിതം സഹിച്ചു തീർക്കുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും ഒറ്റപ്പെട്ടുപോകുന്നവരുടെയുമൊക്കെ ഇടയിൽ നിന്നുള്ള കണക്കുകളൊക്കെ കാണിക്കുന്നത് ഈ വിഭാഗങ്ങളും ആത്മഹത്യയുടെ അപായമുനന്വിലാണ് നിൽക്കുന്നതെന്നുള്ള വസ്തുതയാണ്. ഇന്ത്യയെ സംബന്ധിച്ചുള്ള കണക്കുകളും ഒട്ടും ആശാവഹമല്ല. ആഗോള നിരക്ക് 11.4 ആയിരിക്കുന്വോൾ ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് 21 ആണ്. അടിയന്തിരശ്രദ്ധ ആവശ്യപ്പെടത്തക്കവിധം ഇത് ഉയർന്ന നിരക്കാണ്.

ഓരോ ആത്മഹത്യാ ശ്രമമവും സഹായത്തിനു വേണ്ടിയുള്ള ഓരോ മുറവിളി തന്നെയാണ്. ഈ സമൂഹത്തിനതു കേൾക്കാൻ കഴിയുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനു കഴിയുന്നില്ലായെങ്കിൽ തീർച്ചയായും സമൂഹത്തെയും ചികിത്സിക്കുകയും മാറ്റിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner