ആദർശലോകം തുടങ്ങിയ ബൗദ്ധിക സങ്കൽപ്പങ്ങളിൽ നിന്നും വ്യവസ്ഥിതികളെ തന്നെ പുനസൃഷ്ടിക്കുന്ന തലത്തിലേക്ക് ചിന്താപദ്ധതി കടന്നു വന്നെങ്കിലും ‘ആശയവാദികൾ’ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റും ഹെഗലുമൊക്കെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചത്.

‘വൈരുദ്ധ്യാത്മകവാദം’ എന്ന സന്വ്രദായം ചിന്തയിൽ കൊണ്ടുവന്നത് കാന്റാണ്. ഒരു യഥാർത്ഥ്യത്തിൽതന്നെ അതിന്റെ വിപരീതവും അടങ്ങിയിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യാത്മകത. സത്യം എന്ന ഗുണത്തെക്കുറിച്ചു പറയുന്വോൾ അതിന്റെ വിപരീതഭാവമായ അസത്യവും അതിലടങ്ങിയിരിക്കുന്നു. പ്രകൃതിയെക്കുറിച്ചു പറയുന്വോൾ വിപരീതഭാവമായ പരമസത്ത (absolute) അതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ചിന്തയിൽ ഒരു കുതിപ്പിനു തുടക്കമിട്ട കാന്റ്, പൗരാണിക ചിന്തകൻമാരുടെ അമൂർത്തസങ്കൽപ്പത്തിനു ചേരുന്ന തരത്തിലുള്ള പരമസത്തയെന്ന സമസ്യയിൽ കുടുങ്ങി നട്ടം തിരിയുകയാണുണ്ടായത്.
കാന്റിനാൽ തുടക്കം കുറിക്കപ്പെട്ട വൈരുദ്ധ്യാത്മകവാദത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചത് ഹെഗലാണ്. ഹെഗലിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലുള്ള സകല വ്യവസ്ഥിതികളും നിരന്തരമായ മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. വൈരുദ്ധ്യാത്മകമായ ദ്വന്ദയാഥാർത്ഥ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതു വഴി പുതുതായി ഒരു യഥാർത്ഥ്യം ഉണ്ടാകുന്നതുകൊണ്ടാണ് ഈ മാറ്റം. ആശയലോകത്തു ഇത് ഇപ്രകാരം വ്യക്തമാക്കാം - “പ്രകാശം കണികാസ്വഭാവമുള്ളതാണ്”. കോർപ്പസ്കുലാർ തിയറി അവതരിപ്പിച്ചുകൊണ്ട് ഐസക്ക് ന്യൂട്ടൺ പറഞ്ഞു. ഇതിനെ ഒരു തീസിസ് എന്നു പറയാം. എന്നാൽ പിൽക്കാലത്ത് ഹൈജൻസ് തന്റെ വേവ് തിയറി അവതരിപ്പിച്ചുകൊണ്ട് “പ്രകാശം തരംഗസ്വഭാവമുള്ളതാണെ”ന്നു പ്രഖ്യാപിച്ചു. ഇത് ആദ്യത്തേതിന്റെ വിപരീതമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നതുകൊണ്ട് ഇതിനെ ആന്റീതീസിസ് എന്നുപറയാം. എന്നാൽ ക്വാണ്ടം തിയറിയുടെ ആവിർഭാവത്തോടെ പ്രകാശത്തിന്റെ ദ്വൈതസ്വഭാവം വ്യക്തമാകുകയും പ്രകാശമെന്നതു കണികാസ്വഭാവത്തോടും തരംഗസ്വഭാവത്തോടും കൂടിയ വൈദ്യുതകാന്തികതരംഗമാണെന്നു മനസിലാകുകയും ചെയ്തു. അങ്ങനെ ദ്വന്ദവൈരുദ്ധ്യങ്ങളിൽ നിന്നു പുതുതായി ഒരു സമന്വയം അഥവാ സിന്തസിസ് ഉരുത്തിരിഞ്ഞുവരുന്നു.
പ്രകൃതി നിരന്തരം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും വിപരീത ദ്വന്ദങ്ങളുടെ ഏറ്റുമുട്ടൽ പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്കു തുടക്കം കുറിയ്ക്കുമെന്നും പഠിപ്പിച്ച ഹെഗൽ പിന്നീട് പറഞ്ഞു - “മരമായി തീരാനുള്ള കഴിവ് വിത്തിനു ജന്മസിദ്ധമാണെന്നതുപോലെ മാറ്റങ്ങൾ വരുത്തുവാനുള്ള കഴിവ് പ്രകൃതിയ്ക്ക് അതിൽ തന്നെയുണ്ട്. അതിനാൽ മനുഷ്യൻ അതിനുവേണ്ടി യാതൊന്നും ചെയ്യേണ്ടതില്ല. ഇന്ന് രാജഭരണം ഉണ്ടെങ്കിൽ അതിനു കാരണം പ്രകൃതി അങ്ങനെ നിശ്ചയിച്ചതുകൊണ്ടാണ്. അതിനെ മാറ്റി മറിയ്ക്കുവാൻ മനുഷ്യൻ ഇറങ്ങിപ്പുറപ്പെടുന്നതു തെറ്റാണ്”. രാജഭരണത്തിന്റെയും ഫ്യൂഡൽ പ്രഭുക്കൻമാരുടെയും കടുത്ത സമ്മർദ്ദങ്ങളുടെയും പ്രലോഭനത്തിന്റെയും മുന്വിൽ ഇത്തരമൊരു പ്രസ്താവന നടത്തി താൻ പഠിപ്പിച്ച സത്യത്തിന്റെ മുഖം കാപട്യത്തിന്റെ തിരശ്ശീല കൊണ്ടു മൂടിക്കെട്ടാനാണ് ഹെഗൽ ശ്രമിച്ചത്. ഇതു മൂലം അദ്ദേഹം താൻ സഞ്ചരിച്ച ദൂരങ്ങളിൽ നിന്നും പെട്ടെന്നു വളരെ പിന്നോക്കം പോവുകയാണുണ്ടായത്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക