ആത്മീയമെന്നും ഭൗതികമെന്നും ചിന്താപദ്ധതിയുടെ രണ്ടു ധാരകളുടെ സംഘർഷം മൂലം കലുക്ഷിതമായിരിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടും സോക്രട്ടീസ് കടന്നു വന്നത്.

പ്രൊട്ടഗോറസ് എന്ന ചിന്തകനാൽ രൂപംകൊണ്ട ‘സോഫിസ്റ്റ് പ്രസ്ഥാന’ത്താൽ യവനചിന്തയിലാകെ ഒരുതരം മരവിപ്പ് മുറ്റി നിന്നിരുന്ന കാലമായിരുന്നു ഇത്. മനുഷ്യനുമായി സംവദിക്കുന്നതിനുപകരം കുയുക്തികളാൽ അവനെ വട്ടംകറക്കുന്നതിലായിരുന്നു സോഫിസ്റ്റുകൾക്ക് ഉത്സാഹം. അങ്ങനെ ചിന്തയുടെ മണ്ഡലങ്ങളിൽ കാടുകയറി വെറും അഭ്യാസങ്ങൾ കാണിക്കുകയാണ് സോഫിസ്റ്റുകൾ എന്ന തിരിച്ചറിവിലാണ് ചോദ്യങ്ങൾ ചോദിക്കുവാൻ ഏതൻസിലെ യുവജനങ്ങളെ സോക്രട്ടീസ് ഉപദേശിച്ചത്. ഉത്തരങ്ങൾക്കായുള്ള അന്വേഷണം സത്യത്തിന്റെ മുന്വിൽ അവരെ കൊണ്ടുചെന്നു നിർത്തുമെന്നു സോക്രട്ടീസിനറിയാമായിരുന്നു. അമാനുഷികവും അഭൗമീകവുമായ വിഷയങ്ങളിൽ കുടുങ്ങി കിടക്കുന്ന തത്വചിന്തയെ മോചിപ്പിക്കാനായി സോക്രട്ടീസ് ശ്രമിച്ചതോടുകൂടി പുരോഹിതൻമാരും ഭരണാധികാരികളും സോക്രട്ടീസിനെതിരെ തിരിഞ്ഞു. കപടബുദ്ധിജീവികളുടെ എതിർപ്പിനെ നിർഭയനായി നേരിട്ട സോക്രട്ടീസിനെ ‘ഹാലക്ക്’ എന്ന വിഷം കൊടുത്തു കൊല്ലാനാണ് അവസാനം ഏതൻസിലെ കോടതിയുടെ വിധിയുണ്ടായത്.
മരണത്തിന് മുന്വിൽ അചഞ്ചലനായിരുന്നു സോക്രട്ടീസ് എങ്കിലും തന്റെ പ്രീയപ്പെട്ട ശിഷ്യൻമാരുടെ മനോവ്യഥ മനസിലാക്കിയ അദ്ദേഹം മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ലായെന്നു അവരെ ഉപദേശിച്ചു. അതുവരെയും അതിഭൗതികങ്ങളായ കാര്യങ്ങളെ അംഗീകരിക്കാതിരുന്ന സോക്രട്ടീസിന്റെ മരണത്തിനു തൊട്ടുമുന്വുള്ള ഈ ഉപദേശം ശിഷ്യൻമാരിൽ പ്രത്യേകിച്ചു പ്ലേറ്റോയിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഭൂമിയിൽ നന്മ ചെയ്തു ജീവിച്ചവർ മരണശേഷം സകല ആകുലകളിൽ നിന്നും മുക്തരായി ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു ജീവിക്കുമെന്നുള്ള ചിന്തയുടെ സ്വാധിനത്താൽ പ്ലേറ്റോ പീന്നീടെഴുതുകയുണ്ടായി - “ഇക്കാണുന്ന ലോകവും അതിലെ ജീവജാലങ്ങളൊന്നും യഥാർത്ഥത്തിൽ ഉള്ളതല്ല. ഈ ലോകത്തിനപ്പുറമാണ് യഥാർത്ഥ ലോകം സ്ഥിതിചെയ്യുന്നത്”. പ്ലേറ്റോയാൽ തുടക്കം കുറിക്കപ്പെട്ട ആദർശലോകത്തെ പ്പറ്റിയുള്ള ചിന്താപദ്ധതി തുടർന്നുള്ള നൂറ്റാണ്ടുകളിൽ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. ഈ ‘ആദർശലോക’ ത്തിന്റെ പ്രഭാവമാണ് പിന്നീടുള്ള കാലത്തു മതദർശനങ്ങൾക്ക് വളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തത്.
തത്വചിന്തയെ അതിഭൗതികമായ ലോകവുമായി കൂട്ടിയിണക്കുന്നതിൽ ആദർശലോകത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ പഠിപ്പിക്കലുകൾ വലിയ പങ്കാണ് വഹിച്ചത്. തത്വചിന്ത വീണ്ടും അമൂർത്ത തലങ്ങളിലേക്ക് ആണ്ടുപോയതു മൂലം അതിൽ അഭിരമിച്ചിരുന്ന ചിന്തകർക്ക് പുതിയൊരു ചിന്തയുടെ സ്ഫുരണങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നു. എന്നാൽ ഇതിനൊരു വ്യതിയാനമുണ്ടാക്കിയത് ഫ്രഞ്ചു ചിന്തകരായ മൊണ്ടസ് ക്യു, റൂസോ, വോൾട്ടയർ എന്നിവരായിരുന്നു. അവർ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്വോട്ട് വെച്ചപ്പോൾ ചിന്താപദ്ധതിയിൽ പുതിയൊരു തുടക്കമാണ് കുറിച്ചത്. തത്വചിന്ത ജനകീയ മുന്നേറ്റങ്ങൾക്കും മനുഷ്യവിമോചനത്തിനും വഴിയൊരുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. അധികാരസ്ഥാപനങ്ങളുടെ മർദ്ദന നടപടികൾക്കും ചൂഷണത്തിനുമെതിരെ ജ്വലിച്ച ഇത്തരം ചിന്തകൾ ഫ്രെഞ്ചു വിപ്ലവത്തിലാണ് ചെന്നുനിന്നത്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക