പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു.
RBI
ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മില്യൺ ഡോളർ വായ്പ അനുവദിച്ചത്.

ഉപാധികളിവയായിരുന്നു:
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവത്ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുക.
  • സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണം നീക്കുക.
  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക.
ഇത് അംഗീകരിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കേണ്ടിയിരുന്നത്.
  1. സ്റ്റെബിലൈസേഷൻ (സുസ്ഥിരവത്ക്കരണം)
  2. സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം)
പണപ്പെരുപ്പം, ധനകമ്മി, വിദേശനാണയ പ്രതിസന്ധി തുടങ്ങിയ സ്ഥൂല സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന ഹ്രസ്വകാല നടപടികളാണ് സ്റ്റെബിലൈസേഷൻ . രൂപയുടെ മൂല്യം കുറച്ചതും വില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുമൊക്കെ സ്റ്റെബിലൈസേഷന്റെ ഭാഗമായാണ്. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നടപടികളാണ് സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ്. പുതിയ വ്യവസായ-വാണിജ്യ നയങ്ങളിലെ മാറ്റം, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കൽ, സ്വകാര്യ മേഖലയ്ക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നതൊക്കെ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മന്റിന്റെ ഭാഗമാണ്. പുതിയ സാമ്പത്തിക നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.1990-91ൽ 5.1 ശതമാനമായിരുന്നതു 2016-17ൽ 7.7 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. വിദേശ മൂലധന നിക്ഷേപത്തിലും വലിയ വർദ്ധനവുണ്ടായി. 1990-91 ൽ 103 ദശലക്ഷം ഡോളർ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 55,457 ദശലക്ഷം ഡോളറായി വർദ്ധിച്ചു.

ദരിദ്രരുടെ എണ്ണം അധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്ര-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തിനു പിന്നിലുണ്ട്. 1970 മുതൽ ദാരിദ്ര്യരേഖ എന്ന സംജ്ഞ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ദരിദ്രരെ നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ 50% ത്തിനു മുകളിലുള്ള ജനങ്ങളും ദരിദ്രരായിരുന്നുവെന്നിടത്തു നിന്നു 2010 ൽ 30% മായി കുറഞ്ഞിട്ടുണ്ട്. എന്നാൽപോലും ഈ കണക്കുകൾ രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ദാരിദ്ര്യമെന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കുവാൻ മൂർത്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. പുതിയ സാമ്പത്തിക നയം നടപ്പിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നു ഉയർന്ന ധനകമ്മിയായിരുന്നു. 1990-91 ൽ 10.4% മായിരുന്നത് 2016-17 ൽ 3.5 % മായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ തൊഴിൽ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധികൾ നേരിടുകയാണ്. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഫലമായി ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായെങ്കിലും അതിനനുസരിച്ചു രാജ്യത്തു തൊഴിലവസരങ്ങൾ ഉണ്ടായി വന്നില്ല. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷക്കാലം രാജ്യത്തെ തൊഴിൽ വർദ്ധനവ് 0.88% മാത്രമായി ചുരുങ്ങി. അതുപോലെ 1980-81 കാലത്തെ കാർഷിക വളർച്ചാനിരക്ക് 3.7 % മായിരുന്നതു 2014-15 ൽ നെഗറ്റീവ് 0.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു ഭീഷണിയാണ് കാർഷിക രംഗത്തുണ്ടായിരിക്കുന്ന ഈ ഇടിവ്. 2015-16 ൽ ഇത് അല്പം മെച്ചപ്പെട്ടതായിട്ടാണ് കാണുന്നത്. അതായത് വളർച്ചാനിരക്ക് 1.1% ആയി.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഈ രാജ്യത്തിനും ജനങ്ങൾക്കും ലോകത്തിനു തന്നെയും എന്തു മെച്ചമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വീണ്ടും പരിഷ്ക്കരിക്കേണ്ടതൊക്കെ പരിഷ്ക്കരിച്ചുതന്നെ നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഭ്രാന്തമായ എതിർപ്പിനും അന്ധമായ പിന്തുണയ്ക്കുമുപരിയായി വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളെ കൊണ്ടേ കാര്യമുള്ളൂ.
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner