
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന്നങ്ങളായ പഞ്ചവത്സരപദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ ഏറെ പരിമിതിക്കുള്ളിൽ നിന്നു രാജ്യത്തെ കാർഷികരംഗത്തെയും വ്യവസായ രംഗത്തെയുമൊക്കെ കൈപിടിച്ചുയർത്തിയെന്നുള്ള വസ്തുത കാണാതിരിക്കാൻ ആവില്ല.
എന്നാൽ അതിനൊരു മറുവശമുള്ളത്, രാജ്യത്തെ ലൈസൻസ്-പെർമിറ്റ് രാജ്, പൊതുമേഖലാസ്ഥാപനങ്ങൾ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടം, ഉയർന്ന ഇറക്കുമതിച്ചുങ്കം, കുത്തക നിയന്ത്രണ നിയമം, വിദേശനാണ്യ നിയന്ത്രണ നിയമം, ബാങ്ക് നിയന്ത്രണങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം രാജ്യത്തിന്റെ വികസനം മന്ദഗതിയിലായിയെന്നതാണ്. മാറുന്ന ലോകക്രമത്തിൽ മുന്നോട്ടുപോകുവാൻ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കേണ്ടതാവശ്യമാണെന്ന സ്ഥിതിയെത്തി.
1951 മുതൽ 1991 വരെയുള്ള കാലയളവിൽ നിലവിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ ഗവൺമെന്റ് പോളിസികളും നിരവധി നിയന്ത്രണങ്ങളും ക്വാട്ടാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇത് വലിയൊരളവ് വരെ അഴിമതിയ്ക്കും അതോടൊപ്പം കാര്യങ്ങളുടെ മെല്ലെപ്പോക്കിനും ഇടയാക്കി. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകിയാണ് നയങ്ങൾ രൂപീകരിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളടക്കം പലതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരുന്നു. അതോടൊപ്പം സ്വകാര്യമേഖല ഇന്ത്യയിൽ ദുർബലമായാണ് തുടർന്നുകൊണ്ടിരുന്നത്. ജീവിത വൃത്തിയ്ക്കായി അന്യനാടുകളിലേക്കുള്ള കുടിയേറ്റം, സ്വകാര്യ സംരംഭങ്ങൾ എന്നിവ കഴിഞ്ഞാലും രാജ്യത്തു നിലനിൽക്കുന്ന ഭീമമായ മനുഷ്യവിഭവശേഷിയെ അക്കോമഡേറ്റ് ചെയ്യുവാൻ സ്വകാര്യമേഖലയെ വൻതോതിൽ ശക്തിപ്പെടുത്തിയേ കഴിയുകയുള്ളൂവെന്ന അവസ്ഥ വന്നു. (ഈ അടുത്ത കാലത്തു ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽകൂടി പരിശോധിച്ചാൽ ഒരു രാജ്യത്തിനു അവിടുത്തെ സ്വകാര്യമേഖലയെക്കൂടി ശക്തിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ സാധിയ്ക്കുകയില്ലെന്നുള്ളതു വസ്തുതയാണ്. കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാകില്ലായെന്നർത്ഥം. പിന്നെ നീതിയും ന്യായവുമൊക്കെ അട്ടിമറിച്ചുകൊണ്ടു കൂത്താടുവാൻ സ്വകാര്യമേഖലയെ കെട്ടഴിച്ചു വിടണമോയെന്നുള്ളതും ഗവൺമെന്റ് സ്വകാര്യഭീമൻമാരുടെ മുമ്പിൽ കുമ്മിയടിച്ചു നിൽക്കണമോയെന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്.) രാജ്യത്തു നിലനിന്ന പല നിയന്ത്രണങ്ങളും സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് അനുകൂലമല്ലായിരുന്നു. കുത്തക നിയന്ത്രണം പോലുള്ള പല നിയമങ്ങളും വൻകിട കമ്പനികളെ മൂലധന നിക്ഷേപം നടത്തുന്നതിൽ നിന്നു തടഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഉയർന്ന നിരക്ക് നികുതി വെട്ടിപ്പ് വ്യാപകമാക്കുന്നതിനും നിക്ഷേപങ്ങൾ കുറയ്ക്കുന്നതിനും കാരണമായി. ഈ സാഹചര്യങ്ങൾ പൊതുവേ രാജ്യത്തിന്റെ ധനകമ്മി വർദ്ധിപ്പിക്കുന്നതിനു ഇടയാക്കി. എൺപതുകളുടെ തുടക്കത്തിൽ 8% ത്തിനടുത്തായിരുന്ന ധനകമ്മി 1990 കളുടെ തുടക്കത്തിൽ 10.4% ആയി വർദ്ധിച്ചു. വർദ്ധിച്ചു വരുന്ന ധനകമ്മി സർക്കാർ ഇടപെടലുകൾ കുറയ്ക്കുന്നതിനു മാത്രമേ ഇടയാക്കുകയുള്ളൂ.
1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് പുതിയ സാമ്പത്തിക നയത്തിന്റെ പല പരിഷ്ക്കാരങ്ങളും തുടങ്ങി വെച്ചത്. തുടർന്നു 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതിനെ തുടർന്നുള്ള കാലയളവിlൽ വി.പി.സിംഗ്, ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ഏറെക്കുറെ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ എത്തിക്കുന്നതിനു ഇടയാക്കി. സാമ്പത്തിക വളർച്ചാനിരക്ക് ഗണ്യമായി കുറയ്ക്കുകയും വിലക്കയറ്റം നാൾക്കു നാൾ വർദ്ധിച്ചുവരികയും ചെയ്തു. നിക്ഷേപങ്ങൾ കുറഞ്ഞതോടുകൂടി പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിൽ 1991 ൽ അധികാരത്തിലെത്തിയ നരസിംഹറാവു ഗവൺമെന്റിനു പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്നുള്ള സാഹചര്യമുണ്ടായി. അതോടൊപ്പം അന്താരാഷ്ട്ര രംഗത്തു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയൻ വിഘടിച്ചതിനെത്തുടർന്നു അന്താരാഷ്ട്ര വാണിജ്യരംഗത്തു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇക്കലത്തു തന്നെ ഗൾഫ് യുദ്ധം മൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനവും രൂക്ഷമായി. വിലക്കയറ്റത്തെ പിടിച്ചു നിർത്താനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പിന്നോട്ടടിച്ചു.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക