
വിപിൻ: ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു?
പസ്കി: വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ചിതൽ’. അതിലെ പല കഥകളും എന്റെ അനുഭവമാണോയെന്നു പലരും ചോദിച്ചിരുന്നു. അനുഭവങ്ങളെക്കാളുപരി എന്റെ നിലപാടുകളാണവയെന്നാണ് എനിക്ക് പറയാനുള്ളത്.
വിപിൻ: സാഹിത്യരചനകളെ പെണ്ണെഴുത്ത്, ദളിതെഴുത്ത്, പരിസ്ഥിതി എഴുത്ത് എന്നൊക്കെ വിലയിരുത്തുന്നതിനെ കുറിച്ചെന്തു തോന്നുന്നു?
പസ്കി: എഴുത്തിനെ അങ്ങനെ കളം തിരിക്കേണ്ടതുണ്ടോ? സ്ഥിരമായി അങ്ങനെയൊരു പക്ഷം പിടിക്കുന്നതു മൗലികവാദത്തിനു അടുത്തു നിൽക്കുന്ന നിലപാടാണ്. വസ്തുതകളെ യുക്തിപരമായും നീതിപൂർവ്വവും കണ്ടുകൊണ്ടുള്ള എഴുത്താണ് കൂടുതൽ ശരിയെന്നാണ് എനിക്ക് തോന്നുന്നത്.
വിപിൻ: മലയാള ചെറുകഥയിൽ ഏറ്റവും അടുത്തുണ്ടായ വിവാദം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'യുടെ വായനയാണ്. അക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?
പസ്കി: തീർച്ചയായും, കുറേക്കാലത്തിനുശേഷം വായിച്ച നല്ലൊരു കഥയാണ് ബിരിയാണി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ നേരെ കഥ പറഞ്ഞുവെന്നത് ആ കഥയുടെ ഒരു വിജയമാണ്. നമ്മുടെ കൺമുമ്പിൽ കാണാവുന്ന ദാരിദ്യത്തെയും മനുഷ്യന്റെ നിസഹായതയേയും കണ്ടില്ലെന്ന മട്ടിൽ പോകാനാവാത്ത വിധം കഥാകൃത്ത് വരച്ചിട്ടുണ്ട്.
വിപിൻ: പസ്കി എന്നത് തൂലികാനാമമാണോ?
പസ്കി: അതേ, എന്റെ പേര് റിൻസിയെന്നാണ്. എന്റെ നാട് കോഴിക്കോട് ടൗണിനടുത്തുള്ള മുഖദാർ ആണ്. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ ചിത്രശലഭങ്ങളെ പിടിക്കുവാനായി അവയുടെ പുറകെ നടക്കുമായിരുന്നു. ഞങ്ങളൊക്കെ ചിത്രശലഭങ്ങളെ അന്നു വിളിച്ചിരുന്നതു പസ്കിയെന്നായിരുന്നു. അതിന്റെ ലോജിക്കൊന്നും എനിക്കറിയില്ല. എന്നാലും ആ പേരിൽ ഒരുപാടു നന്മയുള്ളതായി എനിക്ക് തോന്നി. അതിനാൽ എഴുതുന്നതിനായി ആ പേര് ഞാൻ സ്വീകരിക്കുകയും ചെയ്തു.
വിപിൻ: ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകം പ്രമേയത്തിലും അവതരണത്തിലും ഒരു വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്. ഇബ്സന്റെ ‘ഡോൾസ് ഹൗസി’ൽ നോറ വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് യൂറോപ്പ് ഞെട്ടിയെന്നാണ് വിലയിരുത്തപ്പെട്ടത്. പുതിയ പരിസരത്തിൽ ആമിന വാതിൽ വലിച്ചുതുറന്നു പുറത്തേക്ക് വരുന്നത് ആരെയെങ്കിലും ഞെട്ടിയ്ക്കുന്നുണ്ടോ?
പസ്കി: ആരെങ്കിലും ഞെട്ടിയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലന്നതാണ് വാസ്തവം. ഇസഡോറ ഡങ്കൻ പറഞ്ഞതു പോലെ “ഞാനൊരു ശിശുവായി ജനിച്ചു പക്ഷെ ഈ സമൂഹമെന്നെ സ്ത്രീയാക്കി മാറ്റി…” അവിടുന്നൊക്കെ നമ്മൾ ഒരുപാട് മുന്നോട്ട് പോയി എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസം നേടുവാനും ജോലിചെയ്യുവാനും സ്വന്തം അഭിപ്രായങ്ങൾ പറയുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ എല്ലാവരിൽ സ്ത്രീകളും പുരുഷൻമാരും ഭൂരിപക്ഷക്കാരും ന്യൂനപക്ഷക്കാരും എല്ലാവരും പെടും. പിന്നെ ആമിന അഭിമാനബോധമുള്ള; ജീവിതത്തിൽ വിജയങ്ങൾ നേടാൻ പരിശ്രമിക്കുന്ന പുതിയ പെൺകുട്ടികളുടെ പ്രതിനിധി തന്നെയാണ്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക