
അമീന: കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം?
ഫാത്തിമ: അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്.
വിപിൻ: ഞാനും എന്റെ സുഹൃത്തുക്കളടക്കം പലരും ഫാത്തിമയുടെ പെയിന്റിംഗുകളെ മനസ്സിലാക്കിയത് വ്യത്യസ്ത തലങ്ങളിലാണ്. അത് സ്വാഭാവികവുമാണ്. എന്നാലും നമ്മുടെ സൊസൈറ്റി ഫാത്തിമയുടെ ചിത്രങ്ങളെ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നുണ്ടോ?
ഫാത്തിമ: വിപിൻ പറഞ്ഞത് ശരിയാണ്. ഏതാണ്ട് നൂറിനു മുകളിൽ ആൾക്കാർ ഈ ദിവസങ്ങളിൽ ആർട്ട് ഗാലറിയിൽ എത്തിയിരുന്നു അതിൽ കുറെ പേരുമായി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. പലരും ചിത്രങ്ങളെ അവരുടെതായ അനുഭവങ്ങളുമയി ചേർത്തുവെച്ച് വായിക്കുവാൻ ശ്രമിച്ചിരുന്നു. ചില ചിത്രങ്ങൾ ചിലർക്ക് അവരുടെ നഷ്ടപ്രണയത്തെക്കുറിച്ചുള്ള ഓർമ്മകളുണ്ടാക്കിയെന്നു പറഞ്ഞു. ചിലർ ചില ചിത്രങ്ങളിൽ സമൂഹത്തിലെ അനീതികളോടുള്ള പ്രതിഷേധം കണ്ടു. ചിലർ സ്വാതന്ത്ര്യമോഹം കണ്ടു. ഇറ്റ്സ് ഓ. കെ.., ചിത്രങ്ങളെ മനസ്സിലാക്കുവാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാരനുണ്ട്. അവിടെ ചിത്രകാരി ഇടപെട്ടു അതങ്ങനെയല്ലായെന്നു പറയേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക