ഒരാളെക്കുറിച്ചു ദുഷ്ടൻ, നല്ലവൻ, ശുദ്ധൻ, പാവം, സുമുഖൻ, സുന്ദരനല്ല എന്നൊക്കെ പറയുമ്പോൾ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചല്ല നാം പറയുന്നത്. മറിച്ച് പെരുമാറ്റത്തേയും സ്വഭാവത്തേയും ശാരീരിക സൗന്ദര്യത്തെപ്പറ്റിയുമാണ്. വ്യക്തിത്വം ഇതിനേക്കാളുപരി വൈകാരികവും സാമൂഹികവുമായ ഭാവങ്ങൾ ഉൾകൊള്ളുന്നതാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ വൈകാരികമായ ഭാവങ്ങളെ ‘ടെന്വറമെന്റ് ’ എന്നു പറയുന്നു. നമ്മൾ പ്രകടിപ്പിക്കുന്ന ഉൽകണ്ഠ, അപകർഷതാബോധം, ആനന്ദം, സന്തോഷമില്ലായ്മ, നിരാശ്രയതാബോധം, നിരാശ എന്നിവയൊക്കെ ടെന്വറമെന്റിനു ഉദാഹരണമാണ്.

യുങ്ങിന്റെ അഭിപ്രായത്തിൽ സാമൂഹ്യമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ അന്തർമുഖർ, ബഹിർമുഖർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ മനോനിലകളും ടെന്വറമെന്റിനൊപ്പം വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ഇടയാക്കുന്നു. വ്യക്തികളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. മനോരോഗങ്ങളെ പൊതുവിൽ ‘ഓർഗാനിക് മനോരോഗ’ങ്ങളെന്നും ‘ഫംഗ്ഷണൽ മനോരോഗ’ങ്ങളെന്നും തരംതിരിക്കാം. ഓർഗാനിക് മനോരോഗങ്ങൾ മസ്തിഷ്കത്തിൻറെ ജൈവപരമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുവാൻ ഇടയാക്കുന്നു. ഇത് പിന്നീട് ബുദ്ധിശക്തിയെയും ഓർമ്മശക്തിയേയും ബാധിച്ചേക്കാം. എന്നാൽ ഫംഗ്ഷണൽ മനോരോഗങ്ങൾ തലച്ചോറിൽ സ്ഥായിയായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പക്ഷേ ഒരാളിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തേയും ബാധിക്കുന്നു.
ഫംഗ്ഷണൽ മനോരോഗങ്ങളെ ‘സൈക്കോസിസ്’ എന്നും ‘ന്യൂറോസിസ്’ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ചിത്തഭ്രമം (Schizophrenia), ഉന്മാദം തുടങ്ങിയവ ഗൗരവമേറിയ മനോരോഗങ്ങളാണ് സൈക്കോസിസ് വിഭാഗത്തിലുള്ളത്. ഹിസ്റ്റീരിയ, ഉത്കണ്ഠ, ഒബ്സഷൻ തുടങ്ങിയ ലഘു മനോവൈകല്യങ്ങളാണു ന്യൂറോസിസ് വിഭാഗത്തിലുള്ളത്. സൈക്കോസിസ് ബാധിച്ച ഒരാൾ തനിക്ക് രോഗമില്ലായെന്നു വിശ്വസിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുന്നു. തനിക്ക് ചികിത്സ ആവശ്യമില്ലെന്ന് കരുതുക മാത്രമല്ല അതിനെ എതിർക്കുകയും ചെയ്യും. എന്നാൽ ന്യൂറോസിസ് ബാധിച്ച വ്യക്തി തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുകയും ചികിത്സ തേടുകയും ചെയ്യും. സമൂഹത്തിൽ മനോരോഗത്തിൻറെ മുഖങ്ങൾ പലതായി പ്രത്യക്ഷപ്പെടുന്നു. ഉദാഹരണത്തിനു അസാധാരണമായ മതവിശ്വാസം, അലഞ്ഞു തിരിഞ്ഞു നടക്കൽ, ഭിക്ഷാടനം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം മനോരോഗത്തിന്റെ ലക്ഷണങ്ങളാണ്. മനോരോഗം വർദ്ധിക്കുമ്പോൾ ആത്മഹത്യയുടെ നിരക്കും വർദ്ധിക്കുന്നു. സഹനശക്തിയുള്ളതും ആക്രമണാസക്തിയില്ലാത്തതുമായ സമൂഹങ്ങളിൽ ആത്മഹത്യയുടെ നിരക്ക് കൂടുതലാണ്.
ജന്തുക്കൾ പ്രകടമാക്കുന്ന പ്രാഥമിക വികാരങ്ങളിൽ ഒന്നാണ് ഭയം. തങ്ങൾക്ക് ആപത്തുണ്ടാക്കുന്ന പരിതസ്ഥിതികളെ നേരിടുമ്പോഴാണ് അവ ഭയം പ്രകടമാക്കുന്നത്. ഭയത്തിൻറെ മറ്റൊരു രൂപമാണ് ഉത്കണ്ഠ. ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന പ്രത്യേക സാഹചര്യങ്ങളിൽ നിന്നും അകന്നു രക്ഷപ്പെടുവാൻ ജന്തുക്കൾ എപ്പോഴും തയ്യാറാകുന്നു. ഭയം ഒരു പരിധിവരെ ആവശ്യമായ ഒരു വികാരമാണ്. ‘തീയിൽ തൊട്ടാൽ പൊള്ളും’, ‘നിലയില്ലാത്ത കായലിൽ വീണാൽ മുങ്ങി മരിക്കും’ എന്നിങ്ങനെയുള്ള ഭയം മനുഷ്യനെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു. ഇത്തരം ഭയത്തിനെ ‘യുക്തിസഹജമായ ഭയം’ എന്നു പറയാം. എന്നാൽ അകാരണമായി ഏതെങ്കിലും വസ്തുവിനെയോ സ്ഥലത്തെയോ പരിതസ്ഥിതിയെയോ ഭയക്കുന്നതിനെ ‘യുക്തിരഹിതമായ ഭയം’ എന്നു പറയുന്നു. തീവ്രരൂപത്തിലാണ് ഈ ഭയമെങ്കിൽ അത് മനോരോഗം തന്നെയാണ്. പ്രായം, ഭുതകാലാനുഭവം, ബുദ്ധിപരമായ വളർച്ച, വ്യക്തി വളർന്നു വന്ന കുടുംബവും സാഹചര്യവും തുടങ്ങിയവയൊക്കെ എന്തിനെയാണ് ഭയപ്പെടുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക