
നമ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു.
ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്നുമുള്ള വാദങ്ങളുയർത്തി ഡൽഹി പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. അതുകൊണ്ട് സതീഷ് കുമാർ ഇനിയുള്ള കുറേ മാസങ്ങൾ ജയിലിൽ അടയ്ക്കപ്പെടും. വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്നു വിധിക്കപ്പെട്ടാലും സതീഷ് കുമാറിന്റെ കരിയറും ജീവിതവും ഏറെക്കുറെ നശിച്ചുകഴിഞ്ഞിരിക്കും.
രണ്ടാമത്തെ കേസ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ചെയർമാനായിരുന്ന R. K. പച്ചൗരിയുടെതാണ്. 2007 ലെ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ പച്ചൗരിയുടെ ഓഫീസ് സഹായിയായിരുന്ന സ്ത്രീയാണ് പതിനഞ്ച് മാസങ്ങൾക്ക് മുന്വ് തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പച്ചൗരിയ് ക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണമുയർന്നതിനെ തുടർന്നു പച്ചൗരി ഒദ്യോഗികമായ സ്ഥാനങ്ങൾ രാജിവെച്ചു. എന്നാൽ സതീഷ് കുമാറിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി കോടതി പച്ചൗരിയുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കാമെന്നുള്ള അവസ്ഥയിൽ പച്ചൗരിയ്ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്ന് വിധിയുണ്ടായാലും തിരിച്ചുകിട്ടാത്ത വിധം തകർന്ന സ്ഥിതിയിലാണ്.
മൂന്നാമത്തെ കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡമോക്രസിയുടെ ഡയറക്ടറും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ് കോളറുമായിരുന്ന ഖുർഷിദ് അൻവറിന്റേതാണ്. 2013 ഡിസംബർ 19 നു വസന്ത് വിഹാറിലുള്ള തന്റെ ഫ്ലാറ്റിൽ നിന്നു ചാടി അൻവർ മരിക്കുകയാണുണ്ടയത്. രണ്ട് ദിവസത്തിനു മുന്വ് ബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണിത്. പതിനാല് ആഴ്ചകൾക്ക് ശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗ ആരോപണത്തിൽ മെഡിക്കൽ പരിശോധനയിൽ കൂടിപോലും തീർപ്പുകൽപ്പിക്കാനാവാത്ത അവസ്ഥയാണുണ്ടായിരുന്നത്.
2013 ലെ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമനുസരിച്ചു സ്ത്രീയുടെ ആരോപണം കൊണ്ടുമാത്രം കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും നിഷ്ക്കാസിതരാക്കപ്പെടുന്ന വ്യക്തികൾക്ക് സാന്വത്തിക പ്രതിസന്ധിയും കുറ്റവാളിയെന്ന ലേബലും മൂലം അവർ നിരപരാധികൾ ആണെങ്കിൽ പോലും നീണ്ടകാലം കേസ് നടത്തികൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ കഴിയാതെ ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക