മനുഷ്യാ... നീ മണ്ണാകുന്നു!

പ്രകാശത്തിന്റെയെന്നപോലെ മണ്ണിന്റെയും വർഷമായി 2015 നെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണിന്റെ സുസ്ഥിരപരിപാലനം ഉറപ്പുവരത്തുക എന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ ‘മണ്ണ് വർഷം’ എന്ന പ്രഖ്യാപനത്തിന്റെ അന്തഃസത്ത. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും മണ്ണിന്റെ പ്രാധാന്യം എന്താണെന്നു ആലോചിക്കുന്തോറും ഓരോരുത്തർക്കും കൂടുതൽ വ്യക്തമാകുന്ന കാര്യമാണ്. അതോടൊപ്പം മണ്ണ് സ്വയം സന്തുലിതമായി സ്ഥിതിചെയ്യുന്ന ഒരു ജീവസംവിധാനം കൂടിയാണ്.
Soil Year_2015
മണ്ണ് എന്തു മണ്ണാങ്കട്ടയാണെന്നു വിചാരിക്കുന്നവർക്ക് മണ്ണിനുവേണ്ടി അന്താരാഷ്ട്രവർഷമൊക്കെ ആചരിക്കുന്നുവെന്നു പറയുന്വോൾ മനസിലാക്കുവാൻ കുറച്ചു ബൂദ്ധിമുട്ട് വരും. കൃഷിയൊന്നും ചെയ്യേണ്ടിവരാത്ത, ഫ്ലാറ്റ് ജീവിതം നയിക്കുന്ന നഗരവാസികളായ ആളുകൾക്ക് പലപ്പോഴും പൊന്നിന്റെ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഭൂമിയാണ് മണ്ണ്. മണ്ണ് ചതിക്കില്ല എന്ന വിശ്വാസപ്രമാണത്തിലൂന്നി കണ്ണായ സ്ഥലത്തെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്ന റിയൽ എസ്റ്റേറ്റുകാർക്ക് കൂടുതൽ ലാഭത്തിനു മറിച്ചുവിൽക്കേണ്ടുന്ന സാധനം മാത്രമാണ് മണ്ണ്. എന്നാൽ മണ്ണിൽ പണിയെടുക്കുന്നവരുടെയായാലും മുകളിൽ പറഞ്ഞതു പോലുള്ളവരുടെയായാലും ജീവിതം യഥാർത്ഥത്തിൽ മണ്ണിന്റെ ശരിയായ നിലനിൽപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ‘ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുളള സമൂഹം’ എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ അന്താരാഷ്ട്ര മണ്ണ് വർഷത്തിൽ UN മുന്നോട്ട് വെയ്ക്കുന്നത്. ഇതിന്റെ പ്രാധാന്യം ആളുകൾ മനസിലാക്കുന്നതിനായി എല്ലാവർഷവും ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കുവാനുള്ള തീരുമാനവും പുറത്തുവന്നുകഴിഞ്ഞു.

ഒരു സംസ്ക്കാരമായിരുന്ന കൃഷി ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്നവർ പോലും മണ്ണിന്റെ നിലനിൽപ്പിനെക്കുറിച്ചു ബോധവാന്മാരല്ലായെന്നുള്ളതാണ് വാസ്തവം. അമിതമായി രാസവളം വാരിയിട്ടും വിഷം തളിച്ചും ചെയ്യുന്ന കൃഷി മണ്ണിനോടും മനുഷ്യനോടും ചെയ്യുന്ന ഭീകരത ഇനിയെങ്കിലും തടയപ്പെടാതെ തുടർന്നാൽ, മനുഷ്യരാശി വംശനാശഭീഷണി നേരിടേണ്ടി വന്നാൽ അതിനൊരു കാരണം അതായിരിക്കും. പ്രകൃത്യാലും കീടങ്ങളാലും ഉണ്ടാകുന്ന വിളനഷ്ടവും കൂലിചെലവുമൊക്കെ മറികടന്നു ലാഭം കിട്ടുവാൻ ഇത്തരം കൃഷിരീതി പിന്തുടരേണ്ടുന്ന സാഹചര്യമാണെന്നുള്ള വാദം അതിന്റെ ഫലം കണക്കിലെടുക്കുന്വോൾ ഒരു തരത്തിലും സ്വീകരിക്കുവാൻ കഴിയുകയില്ല. കാലാവസ്ഥയേയും മണ്ണിനെയും വിത്തിനെയുമൊക്കെ സമന്വയിപ്പിച്ചു കൃഷിയും വിളവെടുപ്പും ഉത്സവമായി കൊണ്ടാടിയിരുന്ന ഒരു കാർഷികസംസ്ക്കാരത്തിന്റെ നല്ലപാഠങ്ങൾ കൈമോശം വരാതെ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയണ്.

ഭൂമിയിൽ മൂന്നിലൊന്ന് മണ്ണും അപചയത്തിനു വിധേയമായിരിക്കുന്നുവെന്നാണ് ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ കണ്ടെത്തൽ. പരിസ്ഥിതിനാശം, മണ്ണൊലിപ്പ്, ജൈവാശംത്തിന്റെയും പോഷകാംശത്തിന്റെയും ശോഷണം, അമ്ലീകരണം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം നമ്മുടെ സമീപനത്തിലും കാര്യമായ മാറ്റം വരാത്ത പക്ഷം 2050 ആകുന്നതോടെ ഇത് നാലിലൊന്ന് ആയി വീണ്ടും ചുരുങ്ങുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോൾ തന്നെ 80 കോടിയിലധികം മനുഷ്യർ ലോകത്തു പട്ടിണിയുടെയും പോഷകാഹാരകുറവിന്റെയും ദുരിതങ്ങളനുഭവിക്കുകയാണ്. ജനസംഖ്യയുടെ വളർച്ച കൂടി പരിഗണിച്ചാൽ ഭക്ഷ്യോൽപാദനം 60% എങ്കിലും കൂട്ടേണ്ട സഹചര്യമാണുള്ളത്. ലോകരാഷ്ട്രങ്ങൾ ഇത്തരം വെല്ലുവിളികളുടെ മുന്വിൽ നിൽക്കുന്വോഴാണ് മണ്ണ് ഉൾപ്പെടെയുള്ള പാരിസ്ഥിതികവ്യൂഹങ്ങളെ മനുഷ്യൻ തകരാറിലാക്കുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ് വെൽറ്റിന്റെ ഒരു പരാമർശം അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ് - “ശുദ്ധമായ പരിസ്ഥിതി ജനങ്ങൾക്ക് പുതിയ ശക്തി നൽകുന്നു. സ്വന്തം മണ്ണിനെ നശിപ്പിക്കുന്ന ഏതൊരു രാജ്യവും സ്വയം നശിക്കുന്നു”
കടപ്പാട്:  മണ്ണിന്റെ വർഷം - 2015 നോടനുബന്ധിച്ച് വിവിധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശാസ്ത്രഗതി, ശാസ്ത്രകേരളം മാസികകളോട്
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner