എന്താണ് ഫാസിസം? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Mussolini
1943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ഫാസിസം, ഇറ്റലിയിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടുന്നതിനു കാരണം യാഥാസ്ഥിതികരും ബൂർഷ്വാകളുമാണെന്നു വിലയിരുത്തുകയും അവരെ ശത്രുപക്ഷത്തു നിർത്തികൊണ്ട് തൊഴിലാളികളെ കൂടെ കൂട്ടുകയുണ്ടായി. പുതിയ ഭരണകൂടം തൊഴിലാളികളുടെ കൗൺസിലുകൾ രൂപീകരിക്കുകയും വ്യവസായങ്ങളിൽ നിന്നു ലാഭവിഹിതം നൽകുന്നതിനുള്ള കാര്യങ്ങൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. മാരീചനെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സർക്കസുകൾ ഫാസിസ്റ്റുകളുടെ ഒരു പ്രധാന തന്ത്രമാണ്. കണ്ണും മിഴിച്ചു നോക്കിയിരുന്നാൽ പോലും ഇമ്മാതിരിയുള്ള ‘കൂട് വിട്ടു കൂടു മാറൽ’ പലർക്കും കാണാൻ പോയിട്ട്, ഒന്നു മനസിലാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല.

മുസോളിനിയിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയായി ഫാസിസം കടന്നുവന്നെങ്കിലും അതിനു വഴിയൊരുക്കിയ കുറെ സിദ്ധാന്തങ്ങൾ മുന്വേ ഉണ്ടായിരുന്നു. 1896 ൽ Gaetano Mosca, The Ruling Class എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച തിയറി ഇങ്ങനെയായിരുന്നു - ‘എല്ലാ സമൂഹത്തിലും സംഘടിതമായ ഒരു ന്യൂനപക്ഷം അസംഘടിതമായ ഒരു ഭൂരിപക്ഷത്തിനുമേൽ ആധിപത്യമുറപ്പിക്കുകയും അവരെ ഭരിക്കുകയും ചെയ്യും’. Mosca യുടെ തിയറിയിൽ എലൈറ്റ് ക്ലാസും കോമൺമാനുമായിരുന്നു രണ്ടു വർഗ്ഗങ്ങൾ. അതായത് ഭരിക്കാനുള്ളവരും ഭരിക്കപ്പെടാനുള്ളവരും. ഇതിലെ ജനാധിപത്യവിരുദ്ധത ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഇഴുകിചേരുന്നതായിട്ടാണ് പിന്നീടതിന്റെ രാഷ്ട്രീയരൂപങ്ങളിൽ കാണപ്പെട്ടത്. അതുപോലെ തന്നെ അരാജകവാദിയായിരുന്ന Mikhail Bakunin മുന്നോട്ടുവെച്ച Propaganda of Deed എന്ന ആശയം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ രാഷ്ട്രീയ പ്രാധാന്യം എടുത്തു കാണിക്കുന്നതായിരുന്നു. ഈ ആശയത്തിലടങ്ങിയിരുന്ന ആക്രമണോത്സുകത ഫാസിസ്റ്റുകൾക്ക് പ്രിയപ്പെട്ടതാകുകയും അവരതിനെ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

ഏതായാലും ഫാസിസത്തിനു ഒരു നൂറ്റാണ്ട് തികയുന്ന ഈ കാലത്തു തുറന്ന മനസോടും നിഷ്പക്ഷമായും ഫാസിസത്തെ പഠിക്കേണ്ടതുണ്ട്. മനുഷ്യരാശിയ്ക്ക് അത് വരുത്തിവെച്ച കണക്കറ്റ ദുരിതങ്ങളെ തിരിച്ചറിയുന്നതിനും കുറഞ്ഞപക്ഷം ഒരു ‘ഫാസിസ്റ്റ് വിരുദ്ധ ഫാസിസ്റ്റ്’ ആകാതിരിക്കാനെങ്കിലും ഫാസിസമെന്താണന്നു മനസ്സിലാക്കേണ്ടതുണ്ട്.
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner