
സിദ്ധാന്തമൊക്കെ ശരിയാണ്. പക്ഷേ അതെങ്ങനെ തെളിയിക്കും? ചുരുങ്ങിയത് സൂര്യനോളമെങ്കിലും ഭാരമുള്ള ഒരു വസ്തുവിന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിട്ടാലല്ലേ പ്രകാശം വളയുമോ എന്നറിയുവാൻ പറ്റൂ. ഇനിയിപ്പോൾ സൂര്യന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിടാമെന്നു വെച്ചാൽ സൂര്യന്റെ പ്രകാശം മൂലം നമ്മൾ അയച്ച പ്രകാശം തിരിച്ചറിയാനും സാധിക്കില്ല. അതു മാത്രമല്ല ഭൂമിയിൽ നിന്നയച്ച ആ പ്രകാശം എവിടെ നിന്നെങ്കിലും സ്വീകരിച്ചാലല്ലേ അത് വളഞ്ഞിട്ടുണ്ടോ എന്നറിയാൻ പറ്റൂ. അത് എവിടെ നിന്നു സ്വീകരിക്കും?
അപ്പോഴാണ് ആർതർ എഡിംഗ്ടൺ പുതിയൊരു പരീക്ഷണരീതി അവലംബിച്ചത്. പ്രകാശം വളയുന്നുണ്ടോ എന്നറിയാൻ നമ്മൾ പ്രകാശം അയയ്ക്കേണ്ട കാര്യമില്ല പകരം സൂര്യന്റെ പുറകിലുള്ള നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശം സൂര്യന്റെ ആകർഷണ ബലം മൂലം വളയുന്നുണ്ടോ എന്നു നോക്കിയാലും മതി. ഇതിനുവേണ്ടി നമുക്ക് സൂര്യപ്രകാശമില്ലാതെ സൂര്യനെ കാണുന്ന സമയം വേണം അതായത് സൂര്യഗ്രഹണ സമയം. 1915 നു ശേഷം 1919 മെയ് 29 ന് സന്വൂർണ്ണ സൂര്യഗ്രഹണം നടക്കുമെന്നു എഡിംഗ്ടൺ മനസ്സിലാക്കി. ആ ദിവസത്തെ സന്വൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത് ആഫ്രിക്കയിലെ ഒരു പടിഞ്ഞാറൻ ദ്വീപായ പ്രിൻസിപ്പയിൽ ആണന്ന് മനസ്സിലക്കിയ എഡിംഗ്ടൺ അടക്കമുള്ള ശാസ്ത്രജ്ഞർ അങ്ങോട്ടേയ്ക്ക് പോയി, ഏകദേശം നാലുമാസം മുന്വ് സൂര്യനും നക്ഷത്രങ്ങളും വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നപ്പോഴുള്ള നക്ഷത്രങ്ങളുടെ സ്ഥാനം അദ്ദേഹം കണക്കാക്കിയിട്ടുണ്ടായിരുന്നു. സൂര്യഗ്രഹണ സമയത്ത് എഡിംഗ്ടൺ നക്ഷത്രങ്ങളുടെ സ്ഥാനം വീണ്ടും കണക്കാക്കി. രണ്ട് ചിത്രങ്ങളും സാമ്യപ്പെടുത്തി നോക്കിയ എഡിംഗ്ടൺ അത്ഭുതപ്പെട്ടു. രണ്ട് സമയത്തുമായുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ തമ്മിൽ വ്യക്തമായ വിടവ്. സൂര്യന്റെ സാന്നിദ്ധ്യം പ്രകാശത്തിന്റെ ദിശയെ സ്വാധീനിക്കുന്നതിന്റെ തെളിവ് ലഭിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രകാശം സൂര്യന്റെ അടുത്തുകൂടി വരുന്വോൾ സൂര്യന്റെ ഭാരം മൂലം ചെറുതായി വളയുന്നു. ഈ വളവുകൊണ്ട് നക്ഷത്രത്തിനു ശരിയായ സ്ഥാനത്തേക്കാൾ അല്പം സ്ഥാനഭ്രംശം സംഭവിച്ചതായി കാണുന്നു.
വീണ്ടും ഒരു സംശയം കൂടിയുണ്ട്, അല്ലേ? പ്രകാശത്തിനു ഭാരമില്ലല്ലോ, ഭാരമില്ലാത്ത വസ്തു ഗുരുത്വാകർഷണത്തിനു വിധേയമാകുന്നത് എങ്ങനെ? ഭാരമുള്ള വസ്തുക്കൾ തമ്മിലല്ലേ ഗുരുത്വാകർഷണം നടക്കൂ? ഇതിനു മറുപടി തരുന്നതും ആപേക്ഷികതാ സിദ്ധാന്തം തന്നെയാണ്. ഇവിടെയാണ് ഗുരുത്വാകർഷണം സാധാരണരീതിയിലുള്ള ബലമല്ല എന്ന ആപേക്ഷികത സിദ്ധാന്തത്തിന്റെ പ്രാധാന്യം. സ്ഥലത്തിനും കാലത്തിനും (space & time) സംഭവിക്കുന്ന വക്രത മൂലമാണ് പ്രകാശം വളയുന്നത്. ഈ വക്രത സംഭവിക്കാനുള്ള കാരണം സൂര്യന്റെ ഭീമമായ ഭാരമണ്.