വിപിൻ: ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ?

പസ്കി: ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കേവലം ആണിനോടുള്ള എതിർപ്പല്ല; മേൽക്കോയ്മ കാണിക്കുന്നതു ആണായാലും പെണ്ണായാലും; മേൽക്കോയ്മാ മനോഭാവത്തെയാണ് എതിർക്കേണ്ടത്. ഏതു സിദ്ധാന്തവും മൗലികവാദമായി മാറാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.
വിപിൻ: പാട്രിയാർക്കി ഇനി ഒരു നിമിഷംപോലും സഹിക്കുവാൻ കഴിയില്ലെന്നു നാടകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ശരിക്കും പാട്രിയാർക്കിയുടെ വേരുകൾ എവിടെയാണുള്ളത്?
പസ്കി: ശരിക്കും പറഞ്ഞാൽ മനുഷ്യന്റെ പരിണാമത്തോളം അതിന്റെ വേരുകൾക്ക് പഴക്കമുണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്നത്തെ ആധുനിക ലോകത്തിൽ പാട്രിയാർക്കിയെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മതനിയമങ്ങളും മാമൂലുകളുമാണെന്നു കാണാം. യഥാർത്ഥത്തിൽ അതൊരു ‘കാരണവർ സിൻഡ്രോം’ ആണ്. അതു സ്ത്രീകളെ മാത്രമല്ല പുരുഷൻമാരെയും പലപ്പോഴും ദ്രോഹിക്കുന്നതായി കാണാം.
വിപിൻ: മൂല്യങ്ങളെന്നു തങ്ങൾ കരുതുന്ന കാര്യങ്ങൾക്കുവേണ്ടി തല്ലിക്കൊല്ലുകപോലും ചെയ്യുന്ന സദാചാരപോലീസുകാരും അവരുടെ പിന്തുണക്കാരും യഥാർത്ഥത്തിൽ സ്ത്രീകളോടെന്താണ് ചെയ്യുന്നത്?
പസ്കി: ഇത്തരക്കാരുടെ ആക്രമണം കാരണം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനോ ജോലിയ്ക്കോ ഷോപ്പിംഗിനോ പാർക്കിലോ സിനിമയ്ക്കോ ഒന്നു പോകാൻ കഴിയാത്ത അവസ്ഥയാണുണ്ടാവുന്നത്. പൊതുസ്ഥലങ്ങളിൽ വെച്ചു സ്ത്രീകൾ പുരുഷൻമാരോട് അൽപ്പനേരം ഒരുമിച്ചുനിന്നു സംസാരിച്ചാൽ പോലും കൂട്ടം ചേർന്നു അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും തങ്ങൾ ഈ കഷ്ടപ്പെടുന്നതൊക്കെ പെണ്ണിന്റെ മാനം കാക്കാനാണെന്നുള്ള വ്യാജേനെ തരം കിട്ടിയാൽ ആ പെണ്ണിനെ തന്നെ കയറി പിടിയ്ക്കുകയും ചെയ്യുന്ന മാനസിക രോഗമുള്ള സാമൂഹ്യദ്രോഹികളാണ് സദാചാരപോലീസുകാർ. ഇത്തരക്കാരെ നിയമപരമായിത്തന്നെ അടിച്ചമർത്തണം. സ്ത്രീയെ ശരീരം മാത്രമായും പിന്നെ ആ ശരീരത്തെ ലൈംഗിക കളിപ്പാട്ടം മാത്രമായും കാണുന്ന മാനസികരോഗമാണ് ഇക്കൂട്ടർക്കെല്ലാം പൊതുവായുള്ളത്.
വിപിൻ: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി പസ്കിയെക്കുറിച്ചും നിങ്ങളുടെ നാടകകൂട്ടായ്മയെക്കുറിച്ചും ഒന്നു പറയാമോ?
പസ്കി: ഞാൻ തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ പരിസ്ഥിതി പഠനകേന്ദ്രത്തിൽ നിന്നു MA കഴിഞ്ഞു. സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ നാടകവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂട്ടായ്മയിലുള്ളതു അനീഷ് നാടോടി, അരൂപ്, അൻസിൽ, ആതിര ചേളാരി, ഗായത്രി തുടങ്ങിയവരാണ്. നാടക രചന ഞാനായിരുന്നു. സംവിധാനം ശ്രീജിത്ത്, അദ്ദേഹത്തോടൊപ്പം അനീഷ് നാടോടിയുമുണ്ടായിരുന്നു. ശ്രീജിത്തും അനീഷ് നാടോടിയും നാടകപ്രവർത്തകരാണ്. ആമിനയെ അവതരിപ്പിച്ച ഗായത്രി മലയാളം സർവ്വകലാശാലയിലെ MA വിദ്യാർത്ഥിനിയാണ്. അതുപോലെ ഇക്ബാലിനെ അവതരിപ്പിച്ച അരൂപ്, അയൽപക്കക്കാരായി വന്ന അൻസിലും ആതിര ചേളാരിയും ഇവരെല്ലാം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളും ഈ കൂട്ടായ്മയിലെ പ്രധാന അംഗങ്ങളുമാണ്.
വിപിൻ: ശരി, പസ്കി, എല്ലാ ആശംസകളും
പസ്കി: ഒ.കെ, വിപിൻ, നന്ദി