ലൈംഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക്ക് ആഞ്ഞുപതിക്കുംതോറും ലൈംഗികതയോടുള്ള സമീപനം എത്രമാത്രം മാറുന്നുവെന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ഇപ്പോൾ ചെറുപ്പക്കാരിൽ നിന്ന് എന്തിനേറെ വിവാഹിതരായവരിൽ നിന്ന് പോലും ഉയരുന്ന ആകൂലതകളിൽ ഒന്ന് ലിംഗവലിപ്പത്തെക്കുറിച്ചും സ്തനത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ ആയത് പോണോഗ്രാഫി ചെലുത്തുന്ന സ്വാധീനം മൂലമാകണം. മികച്ച ആർട്ടിസ്ററുകളെ വെച്ച് ആധുനിക സാങ്കേതിക സഹായത്തോടെ ചിത്രീകരിക്കപ്പെടുന്ന പോൺ വീഡിയോകൾ കാണുന്നവർക്ക് സിനിമയേതാണ് ജീവിതമേതാണ് എന്ന് തിരിയാനാവാത്തവിധം ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയാണുണ്ടാകുന്നത്.
പോണോഗ്രാഫി കടലുപോലെ ബൃഹത്താണ്. നിഷ്പ്രയാസം ലഭ്യവും. പോണോഗ്രാഫിയെക്കുറിച്ച് പറയുന്നത് അത് ഒരിക്കൽ കണ്ടാൽ പിന്നെ എത്ര ശ്രമിച്ചാലും മറന്നുപോകില്ലെന്നാണ്. അപ്പോൾ പിന്നെ കാര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും മനസ്സിലാക്കുകയുമാണ് പ്രധാനം. തുറന്ന സംവാദങ്ങൾ ഉയർന്നുവരണം. ഘടികാരം തിരിച്ചുവെയ്ക്കാനാകില്ല.