‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ.
Kerala Town
അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.

അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner