ഇന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം.

ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന്നാണ് പറയുന്നത് . ചൊവ്വാദോഷത്തിന്റെ പേരിൽ സമൂഹത്തിൽ പ്രചരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളെന്നും തന്നെ ശരിയല്ലായെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന്മാർ തന്നെ പറയുന്നു. ഒരു കാരണമില്ലാതെ എത്ര പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരാണ് ഈ ഗ്രഹത്തിന്റെ പേരിൽ ഒഴുകിയത്? എത്ര യുവതീയുവാക്കളുടെ കല്യാണയോഗമാണ് ആ ഗ്രഹം കാരണം അകന്നുപേയിട്ടുള്ളത്? ഇതിനെല്ലാം കാരണമായി ചൊവ്വായിൽ ആരോപിച്ചിട്ടുള്ള ദോഷങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ശാസ്തരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമൂഹത്തിന് ബോദ്ധ്യപ്പെട്ടുവരികയാണ്. അന്ധമായ വിശ്വാസങ്ങളിൽ നിന്നും ദോഷകരമായ ആചാരങ്ങളിൽ നിന്നും പുറത്തുകടക്കുവാൻ സമൂഹത്തിന് ശക്തി ലഭിക്കുന്നത് ശാസ്തബോധത്തിലടിയുറച്ച് മുന്നോട്ടുപോകുമ്പോഴാണ്.
ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സമന്വയത്തിന്റെ കാര്യമൊക്കെ പറയുന്നവരുണ്ട്. അതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. ഏതെങ്കിലുമൊന്ന് ശരിയോ തെറ്റോ എന്നല്ല പറയുന്നത്, രണ്ടും രണ്ടാണെന്നുള്ളതാണ് വസ്തുത. രണ്ടും അതിന്റെതായ വഴിയിൽ സമൂഹത്തിന് നന്മ ചെയ്യുകയെന്നുള്ളതേയുള്ളു. അങ്ങനെതന്നെയാണ് വേണ്ടതും. മഹാനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
“മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്
ശാസ്ത്രമില്ലാത്ത മതം അന്ധനും”