അമീന: കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു?

ഫാത്തിമ: വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്.
വിപിൻ: ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്?
ഫാത്തിമ: വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്കുവാനെടുത്ത സമയത്തിന്റെ വിലയാണോ എന്നൊക്കെ. പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊരു പെയിന്റിംഗാണ് എന്നു നിങ്ങൾക്ക് തോന്നിയ നിമിഷത്തിന്റെ വിലയാണെന്നാണ്. പിന്നെ ചിത്രങ്ങൾക്കൊക്കെ ആവശ്യക്കാരുണ്ട്. ഇപ്പോഴും എക്സിബിഷനെത്തിയ പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടു വിളിക്കാറുണ്ട്.
അമീന: പല ചിത്രങ്ങളിലും ഒരു സ്ത്രീയുടെ പ്രത്യേകിച്ചു ടീനേജറുടെ പലവിധ മന:സംഘർഷങ്ങൾ കാണാമെന്നു തോന്നുന്നു. പ്രത്യേകിച്ചും വീണുകിടക്കുന്ന രണ്ടു കാലുകൾ മാത്രം ചിത്രീകരിച്ചിരിക്കുന്ന പെയിന്റിംഗ്?
ഫാത്തിമ: ഞാൻ മുന്നേ പറഞ്ഞതുപോലെ ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള അമീനയുടെ അവകാശമായിട്ടാണ് ഞാനതിനെ കാണുന്നത്. ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. മനുഷ്യർ വ്യത്യസ്തരായിരിക്കുന്നതുപോലെ കാഴ്ചപ്പാടുകളും അഭിരുചികളുമൊക്കെ വ്യത്യസ്തമായിരിക്കും. പിന്നെ സംഘർഷങ്ങൾ, ഇന്നു ഏതു തരത്തിലുള്ള സംഘർഷങ്ങളായാലും അതൊഴിവാക്കിയിട്ടൊരു ലോകം സാദ്ധ്യമല്ലായെന്നുപോലും ചിന്തിക്കേണ്ടി വരുന്നു. എന്നാലും അവസാനം എല്ലാവർക്കും സന്തോഷമുള്ള ലോകമേ നിലനിൽക്കൂ. അതിനു വേണ്ടിയുള്ള നിലപാടുകളെടുക്കുവാൻ എനിക്കും നിങ്ങൾക്കുമെല്ലാം കഴിയണം.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക