വിപിൻ: എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ?

ഫാത്തിമ: വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല.
അമീന: ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ?
ഫാത്തിമ: ഇല്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മുതൽ വരച്ചിരുന്നു. മഹാന്മാരായ ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരുടെയെങ്കിലും ഒരു സങ്കേതം പിന്തുടരണമെന്നു ഞാൻ കരുതുന്നില്ല. അവരൊക്കെ വലിയ കലാകാരന്മാരാണ്. അവരെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ എന്റെ രീതിയിൽ വരയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ എടുത്തു പറയുകയാണെങ്കിൽ വാൻഗോഗിന്റെ ചിത്രങ്ങളോടാണ് അൽപ്പം താല്പര്യം കൂടുതൽ.
വിപിൻ: എക്സിബിഷന്റെ അവസാന ദിവസം ആർട്ട് ഗാലറിയിൽ ഫാത്തിമയടക്കമുള്ളവർ വട്ടം കൂടിയിരുന്നു ഗസലുകൾ പാടുകയും ഗിറ്റാർ വായിക്കുകയുമൊക്കെ ചെയ്തിരുന്നു. പെയിന്റിംഗ് കൂടാതെ മറ്റു കലാപ്രവർത്തനങ്ങളെന്തൊക്കെയാണ്?
ഫാത്തിമ: കുറച്ചു പാടും, കുറച്ചു എഴുതും പിന്നെ ഒരുപാട് യാത്ര ചെയ്യും. പിന്നെ വിപിൻ പറഞ്ഞ ആർട്ട് ഗാലറിയിലെ ഗസലിനെക്കുറിച്ചു പറയുകയാണെങ്കിൽ സമാപന ദിവസം സംഗീതവുമൊക്കെയായി ഒരു വൈകുന്നേരം.., അത്, അങ്ങനെ സംഭവിച്ചതായിരുന്നു. ഞങ്ങൾ രണ്ടു മൂന്നു പേർ ഒരു കോണിൽ കാഷ്വലായി മൂളിപ്പാട്ട് പാടി ഇരുന്നതാണ്. ഒന്നും രണ്ടും പേർ വീതം അതിൽ ജോയ്ൻ ചെയ്തു അവസാനം അതൊരു ചെറിയ സദസ്സായി മാറുകയാണുണ്ടായത്. എന്തായാലും അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു.
അമീന: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഫാത്തിമയെക്കുറിച്ചു പറയാമോ?
ഫാത്തിമ: ഞാൻ കൊല്ലം സ്വദേശിയാണ്. പഠിച്ചതു കൊല്ലത്തും തൃശൂരുമാണ്. ബൈ പ്രൊഫഷൻ ഞാനൊരു ആർക്കിടെക്റ്റാണ്. വിവാഹിതയാണ്. കുടുംബത്തിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. പിന്നെ എനിക്ക് കുറേ ഡ്രീംസ് ഉണ്ട്. അതൊക്കെ പൂർത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് ഞാൻ.
അമീന, വിപിൻ: ഓ. കെ, ഫാത്തിമ, എല്ലാ ആശംസകളും
ഫാത്തിമ: നന്ദി, നിങ്ങൾക്കും എല്ലാ ആശംസകളും