
സെന്റ് പീറ്റേഴ്സ്ബെർഗിലെ ഒരു വാടകമുറിയിൽ താമസിക്കുന്ന റെസ്ക്കോൾനിക്കവ് എന്ന പഠിത്തം പാതി വഴിക്ക് നിർത്തിയ വിദ്യാർത്ഥിയാണ് ഇതിലെ മുഖ്യ കഥാപാത്രം. സാന്വത്തിക ബുദ്ധിമുട്ടുകൾ പലതരത്തിലും ഞെരുക്കുന്ന റെസ്ക്കോൾനിക്കവ് സ്ഥലത്തെ കൊള്ളപ്പലിശക്കാരിയായ അല്യോന ഇവാനവ്ന എന്ന വൃദ്ധയെ കൊല ചെയ്തു പണം മോഷ്ടിക്കുവാൻ തീരുമാനിക്കുന്നു. അതൊരു കുറ്റകൃത്യമാണെന്ന് റെസ്ക്കോൾനിക്കവിന്റെ മന:സാക്ഷി അംഗീകരിക്കുന്നില്ല. റെസ്ക്കോൾനിക്കവിന്റെ ചിന്തയിൽ മനുഷ്യൻ ഒരിക്കലും തെറ്റുകാരനല്ല. ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥിതികളുമാണ് അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ നെപ്പോളിയനെ പോലുള്ള പല ഭരണാധികാരികളും അനേകായിരം മനുഷ്യരെ കൊന്നിട്ടാണ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചതെന്നും ഇപ്പോഴത്തെ ലോകം അവരെ മഹാൻമാരായിട്ടാണ് കാണുന്നതെന്നും റെസ്ക്കോൾനിക്കവ് വാദിക്കുന്നു.
വൃദ്ധയെ കൊലപ്പെടുത്തി പണം കവരാനുള്ള ശ്രമത്തിനിടയ്ക്ക് അവിചാരിതമായി അവരുടെ സഹോദരിയെക്കൂടി കൊല ചെയ്യേണ്ടി വന്നു. കൊലയ്ക്ക് ശേഷമുള്ള അന്ത:സംഘർഷങ്ങളും പെട്ടെന്നുണ്ടായ രോഗവും റെസ്ക്കോൾനിക്കവിന്റെ മനസിനെ ഇടയ്ക്കിടെ വിഭ്രാന്തിയിലാഴ്ത്തി.
ഈ നോവലിലെ നായികയാണ് സോന്യ. മദ്യം തകർത്തു കളയുന്ന കുടുംബങ്ങളുടെ നേർക്കാഴ്ചയാണ് സോന്യയുടെ ജീവിതം. പിതാവിന്റെ മദ്യപാനം മൂലം നശിച്ച കുടുംബത്തിലെ ഇളയകുട്ടികളുടെ വിശന്നുള്ള കരച്ചിലിനും ഇളയമ്മയുടെ മന:സാക്ഷിയില്ലാത്ത പെരുമാറ്റത്തിനു മുന്വിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന ഒരു നിമിഷത്തിൽ അവൾക്ക് തന്നെതന്നെ വിൽക്കേണ്ടി വരുന്നു. തുടർന്ന് അവളുടെ ജീവിതം കൂടുതൽ കഷ്ടപാടുകളിലേക്ക് പോകുകയാണ്. കുറ്റബോധവും കുറ്റപ്പെടുത്തലുകളും മൂലം അവൾക്ക് അവിടം ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടി വന്നു.
വൃദ്ധയുടെ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ സംശയിക്കുന്നുവെന്ന വിചാരം റെസ്ക്കോൾനിക്കവിന്റെ സ്വസ്ഥത കെടുത്തി. റെസ്ക്കോൾനിക്കവിന്റെ മാനസിക പീഢനം പലപ്പോഴും ഭ്രാന്തിന്റെ വക്കോളമെത്തി. ഇതിനിടെ സോന്യയുമായി പരിചയപ്പെടുകയും ആ പരിചയം റെസ്ക്കോൾനിക്കവിന്റെ ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഒരിക്കൽ മുട്ടുകുത്തി തന്റെ പാദങ്ങൾ ചുംബിച്ച റെസ്ക്കോൾനിക്കവിനോട് സോന്യ ചോദിയ്ക്കുന്നു – “നിങ്ങൾ എന്താണ് ചെയ്യുന്നത്, അതും എന്നെപ്പോലുള്ള ഒരുവളോട്...” അതിനുള്ള റെസ്ക്കോൾനിക്കവിന്റെ മറുപടി - “ഞാനിപ്പോൾ മുട്ടുകുത്തിയത് നിന്റെ മുന്വിലല്ല. മനുഷ്യവംശത്തിന്റെ മുഴുവൻ വ്യഥയുടെ മുന്വിലാണ്”.
ദു:ഖപൂർണ്ണമായ ജീവിതത്തിനു മുന്വിൽ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് റെസ്ക്കോൾനിക്കവ് സോന്യയോട് പറയുന്നതിനിങ്ങനെയാണ് - “ദൈവത്തെ ആശ്രയിച്ചിരുന്നുകൊണ്ട് കുട്ടികളെപ്പോലെ കരഞ്ഞാൽ മാത്രം പോരാ. നാം കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുകയും യുക്തിവാദം ചെയ്യുകയും വേണം”.
മന:സാക്ഷിയുടെ കുത്തൽ സഹിക്കുവാൻ കഴിയാതെ വന്നപ്പോൾ റെസ്ക്കോൾനിക്കവ് സോന്യയോട് വൃദ്ധയെ കൊന്നത് താനാണെന്ന് പറയുന്നു. ഈ വിവരം സോന്യയെ തകർത്തു കളഞ്ഞു. ഇനി എന്തു ചെയ്യുമെന്നുള്ള റെസ്ക്കോൾനിക്കവിന്റെ ചോദ്യത്തിനുത്തരമായി അവൾ പറയുന്നു - “ഈ നിമിഷം നിങ്ങൾ കവലയിലേക്ക് പോകൂ, എന്നിട്ട് നിങ്ങൾ കാരണം പാപപങ്കിലമായ ഭൂമിയെ എല്ലാരും കാൺകെ സാഷ്ടാംഗം വീണു ചുംബിക്കൂ. ഞാൻ കൊലപാതകിയാണെന്നു ഉറക്കെ വിളിച്ചു പറയൂ”.
തകർന്ന ഹൃദയത്തോടെ റെസ്ക്കോൾനിക്കവ് അന്വേഷണ ഉദ്യോഗസ്ഥനോട് കുറ്റം ഏറ്റുപറയുന്നു. കുറ്റസമ്മതവും അയാളുടെ മുൻകാലത്തെ സ്വഭാവവും കണക്കിലെടുത്ത് കോടതി ശിക്ഷയിൽ ഇളവ് നൽകികൊണ്ട് സൈബീരിയയിലേക്ക് നാടുകടത്താനും എട്ട് വർഷം വേലയെടുപ്പിക്കാനും വിധിച്ചു. നാടുകടത്തപ്പെട്ട റെസ്ക്കോൾനിക്കവിനൊപ്പം സോന്യയും സൈബീരിയയിലേക്ക് യാത്ര തിരിച്ചു.
ഈ നോവൽ ശരിക്കും അവസാനിക്കുന്നിടത്തു നിന്നാണ് ആരംഭിക്കുന്നത്. ഇനി എട്ട് കൊല്ലം കാത്തിരുന്നാൽ മതിയല്ലോ എന്നോർത്ത് ആഹ്ലാദിക്കുന്ന റെസ്ക്കോൾനിക്കവാണ് ഇവിടെയുള്ളത്. ഒരു പുതിയ ജീവിതം വെറുതെ കിട്ടുകയില്ലെന്നും അതിനു ക്ലേശങ്ങൾ സഹിക്കേണ്ടിവരുമെന്നും ഭാവിയിലെ മഹത് പ്രവർത്തനങ്ങൾ കൊണ്ടേ അത് നേടാൻ കഴിയുകയുള്ളുവെന്നും അയാൾ നേരത്തെ അറിഞ്ഞിരുന്നില്ല!
ദാർശനികനായ ഒരു പ്രതിഭയുടെ ഹൃദയത്തിന്റെ ഭാഷയാണ് ഈ നോവലിൽ വായനക്കാരൻ കണ്ടുമുട്ടുന്നത്.