ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാമത്തെ പ്രശ്‌നം, നമ്മളേതൊക്കെ സേവനങ്ങളുപയോഗിക്കണമെന്ന് സേവനദാതാക്കൾ തീരുമാനിക്കുന്ന അവസ്ഥ വരുന്നു. ഒരു പാൽ കമ്പനി പാലിനുള്ള പണത്തിനു പുറമേ, ചായ കുടിക്കുകയാണെങ്കിൽ അതിന് കൂടുതൽ പണം വാങ്ങുന്നതു പോലാണിത്. പാൽ കമ്പനിയുടെ പാലുപയോഗിച്ചാണ് ചായയുണ്ടാക്കിയത് എന്നപോലെയുള്ള വാദമാണിത്.

വാട്ട്‌സ് ആപ്പും സ്‌കൈപ്പും പോലുള്ള സേവനങ്ങൾ എയർ ടെല്ലിന്റെ കണക്ഷൻ വഴിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അതിനും കൂടി പണം കിട്ടണം എന്നതായിരുന്നു വാദം. വലിയ എതിര്‍പ്പിനെത്തുടര്‍ന്ന് എയർ ടെൽ ഈ നീക്കത്തിൽ നിന്നും പിന്മാറി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ സേവനങ്ങൾ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തിൽ ടെലികോം സേവനദാതാക്കൾക്ക് വൻ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ് സന്ദേശ ആപ്പുകൾ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കൾ ഇന്റര്‍നെറ്റ് ഡാറ്റ പലതട്ടിൽ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്.
അതായത് വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ പോലുള്ള സന്ദേശസേവന ആപ്പുകൾ ഉപയോഗിക്കണമെങ്കിൽ ഒരു നിരക്ക്, വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്, ഇന്റർനെറ്റ് വഴിയുള്ള കോളിന് കൂടുതൽ ഉയര്‍ന്ന നിരക്ക്. ഇങ്ങനെ പലതട്ടിൽ പണം വാങ്ങുകയല്ലാതെ വേറെ വഴിയില്ല എന്ന മട്ടിലാണ് മൊബൈൽ കമ്പനികൾ പറയുന്നത്. നോർമൽ ഡാറ്റ പാക്കിന് നല്‍കുന്നതിനു പുറമെയാണ് ഇതെന്നോര്‍ക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റ വരുമാനത്തിൽ ഉണ്ടായ വർദ്ധന അവർ എവിടെയും പറയുന്നുമില്ല. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം തുടങ്ങിയവയെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക്, സ്‌കൈപ്പ് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേർപ്പെടാത്ത വെബ് സൈറ്റുകൾ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകൾ വിലക്കുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പരിപൂർണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.
അമേരിക്കയിൽ 90കളിൽ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള് ട്രായി (Telecom Regulatory Authority of India-TRAI)യെ കൂട്ടുപിടിച്ച് ടെലികോം കമ്പനികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയിൽ ഈ കരിനിയമം വൻ ബഹുജന പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവിൽ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു. ഈ വിഷയത്തിൽ വലിയ ചര്‍ച്ചകൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലാന്റ്‌സ്, ചിലി, ബ്രസീൽ എന്നിവിടങ്ങളിൽ വിവേചനമില്ലാത്ത ഇന്റർനെറ്റ് സേവനത്തിനുള്ള നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്‍പ്പം നിയമപരമായി ഇന്ത്യയിൽ നിലനില്‍ക്കുന്നില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇപ്പൊൾ ഇന്റർനെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള ഒരു റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം ‘advqos@trai.gov.in’ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 24ന് മുന്വ് അയച്ചു കൊടുക്കാം.
ട്രായുടെ Consultation Paper വായിക്കുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട്: net neutrality സംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും