
എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്.
ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി മാധ്യമങ്ങളിൽ ചർച്ചയായിരുന്ന ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രമെന്താണ്?
1993 ൽ രൂപം കൊണ്ട യൂറോപ്യൻ യൂണിയനിലെ ദുർബല സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഇപ്പോൾ 29 രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാണ്. 2002 ൽയൂറോപ്യൻ യൂണിയനിലെ തന്നെ 18 രാജ്യങ്ങൾ ‘യൂറോ’ എന്ന പൊതുകറൻസിയിലേക്ക് മാറി. ഇവരെ ‘യൂറോസോൺ’ രാജ്യങ്ങളെന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽ ഗ്രീസും സ്വന്തം കറൻസിയായിരുന്ന ഡ്രാക്മയിൽ നിന്നു യൂറോയിലേക്ക് മാറുകയായിരുന്നു. എന്നാൽ യൂറോസോൺ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരമാണുണ്ടായിരുന്നത്. സാമ്പത്തിക ശക്തികളായ ജർമ്മനി, ഫ്രാൻസ്, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങൾ കയറ്റുമതിയിലും വ്യാപാരത്തിലും കരുത്തു കാട്ടിയപ്പോൾ സ്വതവേ ദുർബല സമ്പദ് വ്യവസ്ഥകളായിരുന്ന ഗ്രീസ്, അയർലന്റ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ വാണിജ്യ-വ്യവസായ സംരംഭങ്ങൾ തകരാൻ തുടങ്ങി. യൂറോസോണിൽ ചേർന്നു കഴിഞ്ഞതിനാൽ സ്വതന്ത്രമായി സാമ്പത്തിക നയം രൂപീകരിക്കുവാൻ കഴിയാത്ത സാഹചര്യമായതിനാൽ തകർച്ചയുടെ ആഘാതം കൂടിക്കൊണ്ടിരുന്നു. അതോടൊപ്പം 2009 ഓടെ അമേരിക്കൻ ‘സബ്പ്രൈം’ സാമ്പത്തിക മാന്ദ്യത്തിന്റെ അനുരണനങ്ങളും യൂറോപ്യൻ യൂണിയനെ ബാധിച്ചിരുന്നു. അതും ഗ്രീസിലെ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നതിനു ഇടയാക്കി.
ശരിക്കും ഗ്രീസിലെ പ്രതിസന്ധി എന്താണ്?
- 2007 നു ശേഷം ഗ്രീസിന്റെ സാമ്പത്തിക വളർച്ച കീഴോട്ടാണ്. 2007-14 കാലഘട്ടത്തിൽ ആഭ്യന്തര മൊത്ത ഉല്പാദനം (GDP) 26% കുറഞ്ഞു. 1930-കളിൽ അമേരിക്കയിലുണ്ടായ മഹാ സാമ്പത്തികത്തകർച്ച (Great Depression) യേക്കാൾ രൂക്ഷമാണിത്.
- ഉല്പാദന മുരടിപ്പ് മൂലം തൊഴിലില്ലായ്മയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് ഭയാനകമാണ്. ചെറുപ്പക്കാരുടെ ഇടയിൽ തൊഴിലില്ലായ്മ 50% ത്തോളമാണ്. യുവാക്കളിൽ പകുതിയോളം പേർക്ക് തൊഴിലില്ലാത്ത സാഹചര്യമാണെന്നുപറഞ്ഞാൽ ആ രാജ്യത്തിന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ.
- സബ്സിഡികൾ, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവയ്ക്കൊന്നും ഫണ്ട് കണ്ടെത്താൻ കഴിയാതെ വരുന്നതിനാൽ രാജ്യത്തിന്റെ സാമൂഹ്യസുരക്ഷിതത്വം അപകടാവസ്ഥയിലാവുന്നു. സിരിസയ്ക്ക് മുമ്പ് ഗ്രീസ് ഭരിച്ചിരുന്ന സർക്കാരുകൾ ചെലവ് ചുരുക്കാനാണെന്നു പറഞ്ഞു പൊതുമേഖലയിലെ 30% ത്തോളം തസ്തികകൾ വെട്ടിക്കുറച്ചും വിരമിച്ചവരുടെ സ്ഥാനത്തു പുതിയ നിയമനങ്ങൾ നടത്താതെ കരാർ നിയമനങ്ങൾ മാത്രം നടത്തിയും അനേകം പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലില്ലായ്മ വർദ്ധിപ്പിച്ചത് യുവജനങ്ങളെ അരക്ഷിതരാക്കി. അതിനൊപ്പം പ്രത്യക്ഷമായും പരോക്ഷമായും നികുതികൾ വർദ്ധിപ്പിക്കുകയും ചെയ്തതോടെ സാധാരണക്കാരൊക്കെ ജീവിക്കാൻ പാടുപെടുന്ന സ്ഥിതിവിശേഷം സംജാതമായി.