മതിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ ഉച്ചാരണ പിശകോ അല്ലായെന്നു മനസിലാകുന്നത്.

തെക്കേയിന്ത്യയുടെ ബഹുജന സംസ്കാരത്തിന്റെ സൂചകമായിരുന്നു ‘പള്ളി’ യെന്ന വാക്കുണ്ടായിരുന്ന ‘പാലി’ ഭാഷ. ഈ ഭാഷയിലെ പള്ളിയെന്ന വാക്കാണ് ബുദ്ധമതക്കാർ അവരുടെ ആരാധനാ കേന്ദ്രങ്ങളുടെ പേരുകൾക്കൊപ്പം ഉപയോഗിച്ചിരുന്നത്. പിന്നീട് കേരളത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങൾക്കും ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ചരിത്രപരമായ ഒരു കൗതുകമാണ്. ഈ ഭാഷയിൽ നിന്നു തന്നെയാണ് പള്ളിക്കൂടം എന്നു മലയാളികൾ നിത്യേന ഉപയോഗിക്കുന്ന വാക്കും വരുന്നത്. ഇത് കേരളത്തിലൊരിടത്തും ഇന്നു വരെയും ‘പിള്ളി’ക്കൂടം ആയിട്ടില്ല. ജനഹൃദയങ്ങളിൽ ആഴ്ന്നുപോയിട്ടുള്ള ഒരു വാക്കിനെ തൊട്ടാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാകാം തിരുത്തലുകാരൊന്നും ആ വഴിക്കൊരു ശ്രമം നടത്താത്തത്. ഒരു ജനതയുടെ ആവിഷ്കാരമായിരുന്ന പാലി ഭാഷ ഇന്നു മൃതഭാഷയായി തീർന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കുവാൻ എന്തെങ്കിലും വഴികളുണ്ടോയെന്നും അതിന് എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നുള്ളതിനെക്കുറിച്ചും ഒരു എത്തും പിടിയും എങ്ങുനിന്നും കിട്ടുന്നില്ലായെന്നുള്ളതാണ് വാസ്തവം. അക്കാദമിക് രംഗവും ഗവേഷണ രംഗവുമൊക്കെ എത്രകാലം ഇങ്ങനെ കണ്ണും പൂട്ടി പാലുകുടിച്ചുകഴിയും?
നൂറ്റാണ്ടുകളായി ജനങ്ങളെ മർദ്ദിച്ചൊതുക്കി മേൽനോട്ടം നടത്തുകയും മുലക്കരവും തലക്കരവും പിരിച്ചു തീണ്ടാപ്പാടകലെ നിർത്തിയും വെട്ടിത്തള്ളുകയും കഴുവേറ്റുകയും ചുട്ടുകൊല്ലുകയും ചെയ്ത ക്ഷുദ്രവ്യവസ്ഥിതി ആധുനിക കാലത്തു വേഷം മാറി ജനങ്ങളുടെ നേരെ തിരിയുന്നതാണ് തീവ്രവാദവും വർഗ്ഗീയതയും ഫാസിസവും ഭരണകൂട ഭീകരതയും നിക്ഷിപിത താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനവുമൊക്കെ. ജനങ്ങളെ അടിച്ചമർത്തുകയും കൊന്നുകൊലവിളിക്കുകയും രക്തവും കണ്ണീരുമൊക്കെ ചാലുകളായി ഒഴുക്കുകയും ചെയ്യുന്നതിനൊപ്പം ഈക്കൂട്ടർക്കുള്ള ഒരു ‘ലഷർ ടൈം’ പരിപാടിയാണ് ചരിത്രം തിരുത്തിയും തെറ്റിച്ചും എഴുതുകയും അത് പഠിപ്പിക്കുകയും ചെയ്യുകയെന്നുള്ളത്. ആദ്യമൊക്കെ ഇത് ലളിതമായും ‘ശിശുസൗഹാർദ്ദ’പരമായിട്ടുമൊക്കെയായിരിക്കും നടത്തുക. ഒരുപക്ഷേ അങ്ങനെയുള്ള ഒരു LKG ലവൽ പരിപാടിയായിരിക്കാം ഈ ‘പ്പിള്ളി’വൽക്കരണം. എന്തായാലും നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നുകൂടാ, സംശയിക്കാതെയും.