മാനുഷിക തലത്തിൽ നിന്നും വിട്ടുപോയ തത്വചിന്തയെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു കാൾ മാക്സ് ചെയ്തത്. ഇവിടെ തത്വചിന്ത ജീവിതാഭിമുഖ്യമാകുന്നതോടൊപ്പം രാഷ്ട്രീയ സ്വഭാവമാർജിക്കുകയും സംഘടനാരൂപം കൈക്കൊള്ളുകയും ചെയ്യുന്നതായികാണാം.

ദ്വന്ദവൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യം നിലവിൽ വരുമെന്നുള്ള ചിന്താപദ്ധതിയുടെ കാതൽ ചരിത്രത്തിന്റെ താളുകൾ കൊണ്ടാണ് മാക്സ് അവതരിപ്പിക്കുന്നത്. ആദിമസമൂഹത്തിൽ നിലനിന്നിരുന്നതു ഗോത്രങ്ങളാണ്. ഓരോ ഗോത്രങ്ങൾക്കും ഗോത്രാധിപൻമാരുണ്ടായിരുന്നു. ഈ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായി വിജയിച്ചവർ പരാജയപ്പെട്ടവരെ അടിമകളാക്കി. അങ്ങനെ പുതിയൊരു വ്യവസ്ഥിതി ഉയിർകൊണ്ട് ‘അടിമ-ഉടമ സന്വ്രദായം’. വൈരുദ്ധ്യാത്മകത അനുസരിച്ചു ഈ ദ്വന്ദയഥാർത്ഥ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യമായ ‘ഭൂവുടമ-കുടിയാൻ വ്യവസ്ഥിതി (ഫ്യൂഡലിസം) നിലവിൽ വന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി ഏറ്റുമുട്ടിയും വേട്ടയാടിയും നടന്നിരുന്ന ഗോത്രമനുഷ്യരിൽ നിന്നും വ്യത്യസ്തമായ നദീതടസംസ്കാരങ്ങൾ രൂപം കൊള്ളുകയും കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിക്കാൻ തുടങ്ങുകയും ചെയ്തതാണ് ദ്വന്ദയഥാർത്ഥ്യങ്ങളുടെ ഏറ്റുമുട്ടലിനു ആക്കം കൂട്ടിയത്. ഇവയും ഏറ്റുമുട്ടലിനു വിധേയമായി ആധുനികകാലത്തു ‘മുതലാളി-തൊഴിലാളി വ്യവസ്ഥിതി’ നിലവിൽ വന്നു.
നവോത്ഥാന കാലഘട്ടത്തെ തുടർന്നുണ്ടായ വ്യവസായവൽക്കരണവും ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയോടെ ലോകമെന്വാടുമുണ്ടായ ഫാക്ടറിവൽക്കരണവുമൊക്കെയാണ് മുതലാളി–തൊഴിലാളി ദ്വന്ദയഥാർത്ഥ്യങ്ങൾ സാമുഹ്യവ്യവസ്ഥയിൽ രൂപംകൊള്ളാൻ ഇടയാക്കിയത്. ഈ പുതിയ വ്യവസ്ഥിതിയിൽ ചരക്കുൽപാദനത്തിനായി തൊഴിലാളിയുടെ അദ്ധ്വാനശേഷി വിലകൊടുത്തു വാങ്ങുന്ന മുതലാളി, തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന മിച്ചമൂല്യം സ്വന്തമാക്കുന്നതു മൂലം തൊഴിലാളിയുടെ അദ്ധ്വാനശേഷി ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കുന്നു. ഇപ്രകാരം കൂലിവേലയുടെ ചൂഷണം വഴി മുതലാളിത്തം ഉണ്ടാക്കുന്ന മിച്ചമൂല്യത്തെ ‘മൂലധനം’ എന്നു പറയുന്നു.
ഇങ്ങനെ മൂലധനം കേന്ദ്രീകരിക്കുന്നതു മൂലവും മുതലാളിത്ത വ്യവസ്ഥിതിയുടെ സന്തതസഹചാരിയായ തൊഴിലില്ലായ്മ മൂലവും സമൂഹത്തിൽ രണ്ട് വർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇതുമൂലം സൃഷ് ടിക്കപ്പെടുന്ന രണ്ട് വർഗ്ഗങ്ങൾ ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ട് വൈരുദ്ധ്യങ്ങളാവും. ഈ രണ്ട് വൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടുന്നതു വഴി ആത്യന്തികമായി സമത്വസുന്ദരമായ, വർഗ്ഗരഹിതമായ പുതിയൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊള്ളുമെന്നാണ് മാക്സിന്റെ ചിന്തയുടെ കാതൽ.
കടപ്പാട്: തത്വചിന്താ – ശാസ്ത്ര സംബന്ധമായ വിവിധ പുസ്തകങ്ങളോടും വിശകലനങ്ങളോടും