
മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.
സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.